മാധ്യമചര്‍ച്ചകള്‍ ആശങ്കപ്പെടുത്തുന്നു; ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കണം: സുപ്രീംകോടതി

single-img
15 September 2020

രാജ്യത്തെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കണമെന്നും ഇതിനായി അഞ്ച് വിശിഷ്ട വ്യക്തികളെ ഉള്‍ക്കൊള്ളിച്ചുള്ള സമിതി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും സുപ്രീം കോടതി. സുദര്‍ശന്‍ ടി.വി അവതരിപ്പിക്കാനിരുന്ന യുപിഎസ്സി ജിഹാദ് പരിപാടിയുടെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള ഉത്തരവിനിടെയായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വാക്കാലുള്ള പരാമര്‍ശം ഉണ്ടായത്.

ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന മാധ്യമചര്‍ച്ചകള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു. ഇദ്ദേഹത്തെ കൂടാതെ കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ യുപിഎസ്സിയിലേക്ക് മുസ്‌ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്‍ശന്‍ ടിവി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടി സംപ്രേഷണം ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.

ചാനലിന്റെ ഈ പരിപാടി മുസ്ലിം സമുദായത്തെ അപമാനിക്കുന്നതാണ് എന്നും കോടതി നിരീക്ഷിച്ചു. പ്രസ്തുത പരിപാടിക്ക് എതിരായി ഡല്‍ഹി ജാമിയ മില്ലിയയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ് വന്നത്.” സുദര്‍ശന്‍ ടിവി മുസ്ലിം സമുദായത്തെ നിന്ദിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ സിവില്‍ സര്‍വീസുകളിലേക്ക് നുഴഞ്ഞുകയറുന്നവര്‍ എന്ന് മുദ്രകുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
എന്നാല്‍ നിങ്ങള്‍ക്ക് ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കാനും പ്രത്യേക രീതിയില്‍ മുദ്രകുത്താനും കഴിയില്ല” – സുപ്രീം കോടതി പറഞ്ഞു.

നമ്മുടെ മാധ്യമങ്ങളെ സംബന്ധിച്ച് ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ സാധിക്കുന്ന ശക്തി വളരെ വലുതാണ്. പക്ഷെ ചാനലുകള്‍ ടിആര്‍പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്. അങ്ങിനെ ചെയ്യുന്നത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അത് സംഭവിച്ചാല്‍ വ്യക്തികളുടെയും സമുദായത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടും- സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

മുന്‍പ് യുപിഎസ്സിയിലേക്ക് മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച്കൊണ്ട് സുദര്‍ശന്‍ ടി വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ പരിപാടി മുസ്ലിം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയില്‍ ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.

കേന്ദ്ര സര്‍വീസുകളായ ഐഎഎസ്- ഐപിഎസ് തസ്തികകളിലേക്ക് അടുത്തിടെയായി മുസ്ലിം ഓഫീസര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചതിന് കാരണം യുപിഎസ്സി ജിഹാദാണെന്ന സുദര്‍ശന ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചവങ്കെയുടെ വിദ്വേഷ പരാമര്‍ശത്തിന് പിന്നാലെയാണ് ഹൈക്കോടതി പരിപാടി സ്റ്റേ ചെയ്തത്.