‘തന്റെ കൈകള്‍ 101% ശുദ്ധം; ലീഗിലുണ്ടായിരുന്നപ്പോൾ ചെറിയ വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ പറയണം’- കെ ടി ജലീൽ

single-img
15 September 2020

മുസ്ലീം ലീഗിലുണ്ടായിരുന്ന കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് ലീഗ് അധ്യക്ഷന്‍ പറയണമെന്ന് മന്ത്രി കെടി ജലീല്‍. തന്റെ കൈകള്‍ 101% ശുദ്ധമാണെന്നും താൻ കള്ളത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നു എന്ന് പാണക്കാട് ഹൈദരലി തങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാനാകുമോ എന്നും കെ ടി ജലീൽ ചോദിച്ചു. അങ്ങനെ അദ്ദേഹം ചെയ്താൽ തങ്ങൾ പറയുന്നതെന്തും താൻ ചെയ്തോളാമെന്നും ജലീൽ കൂട്ടിച്ചേർത്തു. കൈരളി ചാനലിന്​ നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു​ ജലീലിന്റെ പ്രതികരണം.

“എന്നെ നന്നായി അറിയുന്നവരാണ്​ ലീഗ്​ നേതാക്കൾ. ഈ സംഭവത്തിനുശേഷം തങ്ങളുമായി സംസാരിക്കാൻ അവസരം കിട്ടിയിട്ടില്ല. പേരിലുള്ള മുസ്​ലിം എന്നവാക്കിനോട്​ ലീഗ്​ നീതി പുലർത്തണം. ചോദ്യം ചെയ്യലിന്​ ഞാൻ തലയിൽ​ മുണ്ടിട്ട്​ പോയിട്ടില്ല. സ്വകാര്യ വാഹനത്തിലാണ്​ പോയത്​. ഇഡി വളരെ സ്വകാര്യതയോടെയാണ്​​ ചോദ്യം ചെയ്യലിന്​ വിളിച്ചത്​​. അവർ പറഞ്ഞ സമയം അവരുടെ ഓഫീസിൽ പോയി. ഇഡി എല്ലാ വിവരശേഖരണവും പേഴ്​സണൽ ഐഡിയിലാണ്​ നടത്തിയത്​. രഹസ്യസ്വഭാവം ഞാനായിട്ട്​ പൊളിക്കേണ്ട എന്ന്​ കരുതിയാണ്​ മാധ്യമങ്ങളോട്​ പ്രതികരിക്കാതിരുന്നത്​. മാധ്യമങ്ങളുടെ അകമ്പടിയോടെ അത്​ തത്സമയം സംപ്രേഷണം ചെയ്യണമെന്നാണ്​ അവർ കരുതുന്നത്​.”-ജലീൽ വ്യക്തമാക്കി.

ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ്​ മാധ്യമങ്ങൾ ശ്രമിച്ചത്​. മാധ്യമപ്രവർത്തകർ ഏതൊരു കാര്യത്തിനും മറുപടി വേണമെന്ന്​ പറഞ്ഞ്​ സമീപിക്കുക, അവർ പറഞ്ഞത്​ നമ്മൾ കേൾക്കുക എന്ന സമീപനം ശരിയല്ല എന്നും മന്ത്രി ജലീല്‍ അഭിപ്രായപ്പെട്ടു.

സ്വപ്​ന സുരേഷിനെ വിളിച്ചെന്ന ആരോപണം വന്നപ്പോൾ ഒരുമണിക്കൂറിനുള്ളിൽ ഞാൻ മാധ്യമങ്ങളെ കണ്ടതാണ്​. ഒരു മുടിനാരിഴ പ​ങ്കെങ്കിലും തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും ജലീൽ അഭിമുഖത്തിൽ പറഞ്ഞു.