മാസ്ക് ധരിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വലിയ വില; കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ കുഴിയെടുക്കണം

single-img
15 September 2020

മാസ്‌ക് ധരിക്കാത്തവർക്കായി വിചിത്രമായ ശിക്ഷയുമായി ഇൻഡൊനീഷ്യ. കോവിഡ്-19 ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കാന്‍ പൊതുശ്മശാനത്തില്‍ കുഴിയെടുപ്പിച്ചാണ് പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കാത്തവരെ അധികൃതര്‍ ശിക്ഷിച്ചത്. ഇൻഡൊനീഷ്യന്‍ പ്രവിശ്യയായ ഈസ്റ്റ് ജാവയിലാണ് സംഭവം.

ഗ്രെസിക് റീജന്‍സിയിലെ എട്ട് പേര്‍ക്കാണ് കോവിഡ് മാര്‍ഗനിര്‍ദേശലംഘനത്തിന് ഇത്തരത്തിൽ ശിക്ഷ ലഭിച്ചത്. ശ്മശാനത്തില്‍ കുഴിയെടുക്കുന്ന പ്രവൃത്തിയ്ക്ക് മൂന്ന് പേരാണ് നിലവില്‍ ഉള്ളത്. അതിനാല്‍ മാസ്‌ക് ധരിക്കാത്തതിനുള്ള ശിക്ഷയായി ശ്മശാനത്തിലേക്ക് ജോലിയ്ക്കായി അയക്കാമെന്ന് തീരുമാനിച്ചതായി സെര്‍മെ ജില്ലാമേധാവി സുയോനോ പറഞ്ഞു.

നിയമം പാലിക്കാത്തവർക്ക് ഇത്തരത്തിലുള്ള ശിക്ഷ നല്‍കുന്നത് ജനങ്ങള്‍ക്ക് പാഠമായിരിക്കുമെന്നും സുയാനോ കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിചിത്രമായ ശിക്ഷയോടെ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതായും സുയോനോ അറിയിച്ചു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴയോ സാമൂഹികസേവനമോ ശിക്ഷയായി നല്‍കാന്‍ പ്രാദേശികനിയമം അനുശാസിക്കുന്നുണ്ട്.

സാമൂഹിക അകലം പാലിക്കുന്നതിനായും രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇൻഡൊനീഷ്യയില്‍ തുടര്‍ച്ചയായി ആറാം ദിവസവും പുതിയ പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിലധികമായെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.