അയാള്‍ക്ക് രാത്രി എന്തൊക്കെയോ തോന്നുന്നു, രാവിലെ അത് വിളിച്ചുപറയുന്നു; കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി

single-img
15 September 2020

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മാനസിക നില തെറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ സുരേന്ദ്രന്‍ അടിസ്ഥാനമില്ലാതെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ ഗൗരവതരമായ ആരോപണമാകുമോ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

സര്‍ക്കാരിന്റെ ഭാവന പദ്ധതിയായ ലൈഫ് മിഷനില്‍ മുഖ്യമന്ത്രിക്ക് കമ്മീഷനും മകള്‍ക്ക് അഴിമതിയില്‍ പങ്കുമുണ്ടെന്ന കെ സുരേന്ദ്രന്റെ പരാമര്‍ശം മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇതിനോട് ആദ്യം മൗനം പാലിച്ച മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തെ തുടര്‍ന്നാണ്‌ സുരേന്ദ്രനെതിരെ സംസാരിച്ചത്. ഇത്രമാത്രം മാനസിക നില തെറ്റിയ ഒരാളെ അവരുടെ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇരുത്തുന്നുണ്ടല്ലോ എന്നത് അവര്‍ ആലോചിക്കേണ്ടതാണ്.

ഇത്രത്തോളം മാനസിക നില തെറ്റിയിട്ടുള്ളതും സാധാരണ നിലയിലല്ലാതെ പ്രവര്‍ത്തിക്കുന്നതുമായ ഒരാള്‍ എന്തും വിളിച്ചു പറയുന്ന ഒരാള്‍, സാധാരണ മാനസിക നിലയില്‍ അങ്ങനെ പറയില്ല. ശരിക്കും ആ പാര്‍ട്ടിയാണ് അത് ചിന്തിക്കേണ്ടത്, ഞാനല്ല. അയാള്‍ക്ക് രാത്രിയില്‍ എന്തൊക്കെയോ തോന്നുന്നു. രാവിലെ അത് വിളിച്ചുപറയുന്നു. അവയ്ക്ക് ഞാനല്ല മറുപടി പറയേണ്ടത്. ഇപ്പോള്‍ പത്രസമ്മേളനത്തിലൂടെ കൂടുതല്‍ പറയുന്നില്ല. സുരേന്ദ്രനോട് നേരിട്ട് പറയണമെന്നുണ്ട്. അത് ഇങ്ങിനെ പറയേണ്ടതല്ലെന്ന് മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ സുരേന്ദ്രനല്ല പിണറായി വിജയന്‍. അത് ഓര്‍ത്തുകൊള്ളണം അത്രേയുള്ളൂ. സംസ്ഥാനത്തെ ഒരുന പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരടിസ്ഥാനവുമില്ലാതെ വിളിച്ചു പറയുകയാണ്. എന്തായിരിക്കും ആ മാനസികാവസ്ഥ, എന്താണ് നിങ്ങള്‍ക്ക് തോന്നുന്നത്. നിങ്ങള്‍ക്കും തോന്നേണ്ട കാര്യങ്ങള്‍. നിങ്ങളതിന്റെ മെഗാഫോണായി നിന്നാ മാത്രം പോരല്ലോയെന്നും മാധ്യമങ്ങളോടും മുഖ്യമന്ത്രി പറഞ്ഞു.