ഉമർ ഖാലിദ്, താഹിർ ഹുസൈൻ എന്നിവരെ തൂക്കിലേറ്റും; വിദ്വേഷ പ്രസംഗവുമായി വീണ്ടും ബിജെപി നേതാവ് കപിൽ മിശ്ര

single-img
15 September 2020

സിഎഎ നിയമത്തിനെതിരെ ഡൽഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് ജെഎൻയു മുന്‍ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത പിന്നാലെ ഡൽഹി പോലിസ് നടപടിയെ അഭിനന്ദിച്ചും, വിദ്വേഷ പ്രസംഗം തടത്തിയും ബിജെപി നേതാവ് കപിൽ മിശ്ര രംഗത്തെത്തി.

അറസ്റ്റ് ചെയ്യപ്പെട്ട ഉമർ ഖാലിദ്, താഹിർ ഹുസൈൻ, ഖാലിദ് സെയ്ഫി എന്നിവരാണ് ആസൂത്രിതമായ കൂട്ടക്കൊല നടത്തിയതെന്നും ഈ തീവ്രവാദികളെയും കൊലയാളികളെയും തൂക്കിലേറ്റുമെന്നും മിശ്ര തന്‍റെ വീഡിയോയിലൂടെ പറയുകയായിരുന്നു.

”2020 ഫെബ്രുവരിയിൽ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങൾ മുംബൈയിൽ 26/11 ഭീകരാക്രമണത്തിന് സമാനമായിരുന്നു. ഞങ്ങള്‍ ഉമർ ഖാലിദ്, താഹിർ ഹുസൈൻ തുടങ്ങിയ കുറ്റവാളികളെ തൂക്കിലേറ്റും. ജനങ്ങളെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെടുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ഡല്‍ഹിയിലെ പൗരന്മാർ നീതിക്കായി കാത്തിരിക്കുന്നു, ” മിശ്ര വീഡിയോയിലൂടെ പറഞ്ഞു.

അതേസമയം മിശ്രനടത്തിയ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്‍പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം ഡൽഹിയിലെ വംശീയാതിക്രമത്തിന് പിന്നിൽ കപിൽ മിശ്രയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മുന്‍പ് ഫെബ്രുവരി 23 ന് വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പായി പൌരത്വ വിരുദ്ധ ഭേദഗതി നിയമത്തിലെ പ്രതിഷേധക്കാര്‍കെതിരെ കപില്‍ മിശ്ര വിവാദപ്രസംഗം നടത്തിയിരുന്നു.