സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലെ വസ്ത്രധാരണത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണത്തിനിരയായ നടി അനശ്വര രാജന് പിന്തുണയുമായിമലയാള സിനിമയില്‍ നിന്നും താരങ്ങളായ റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍കൂടി രംഗത്ത്.
‘ഇതാ അത്ഭുതം,സ്ത്രീകള്‍ക്ക് കാലുകളുണ്ട്’ എന്ന എഴുത്തോടെ കാല്‍മുട്ടിന് മുകളില്‍ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് റിമ അനശ്വരയ്ക്ക് പിന്തുണ പ്രകടിപ്പിച്ചത്.
ഇതിന് സമാനമായി കാല്‍മുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് അഹാനയും അനാര്‍ക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതോടൊപ്പം തന്നെ ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നും അനാര്‍ക്കലി പോസ്റ്റില്‍ പറഞ്ഞു.
ഫോട്ടോ ഷൂട്ട് നടത്തിയതിന്റെ ഭാഗമായി അനശ്വര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരുടെയും സദാചാരത്തെ പ്രകോപിപ്പിച്ചത്. അവസാനം സദാചാര കമന്റുകള്‍ക്ക് മറുപടിയുമായി അനശ്വര തന്നെ രംഗത്തെത്തിയിരുന്നു. ”ഞാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോര്‍ത്ത് ആശങ്കപ്പെടൂ,” എന്ന അടിക്കുറിപ്പോടെ അതേ വേഷം അണിഞ്ഞുകൊണ്ടുള്ള മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അനശ്വരയുടെ മറുപടി.