ദിലീപിന് നിർണായക ദിനം, ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ഇന്ന് പരിഗണിക്കും

single-img
15 September 2020

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ഇന്ന് പ്രത്യേക കോടതി പരിഗണിക്കും. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ ദിലീപ് അഭിഭാഷകൻ മുഖേന ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദം .

നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയിൽ വിചാരണ നടക്കുകയാണ് .ഇതിനിടെ ചില പ്രതികൾ മൊഴി മാറ്റിയിരുന്നു .പ്രധാന സാക്ഷിയും മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷൻ കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചത് .

നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഒരു ഇടവേളയ്ക്ക് ശേഷം ജൂൺ അവസാനത്തോടെയാണ് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതിനാൽ വിചാരണയും തടസപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേസിന്റെ രഹസ്യ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.