യുഎപിഎ ചുമത്തി ഉമർ ഖാലിദിന്‍റെ അറസ്റ്റ്; എതിര്‍പ്പ് അറിയിച്ച് സിപിഎം

single-img
14 September 2020

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെ ഡൽഹിയില്‍ നടന്ന ജനങ്ങളുടെ കലാപത്തിന് പ്രേരണ നൽകിയെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ഉമർ ഖാലിദിനെ യുഎപിഎ പ്രയോഗിച്ച് അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. നേരത്തെ നടാഷ നർവാൾ, ദേവാംഗന കലിത, ഇസ്രത് ജഹാൻ എന്നിവരെയും പോലീസ് ജയിയില്‍ അടച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇതെന്ന് സിപിഎം പറയുന്നു.

ഡല്‍ഹിയിലെ സര്‍വകലാശാലയായ ജാമിയ മില്ലിയ വിദ്യാർത്ഥികളെയും കോൺഗ്രസ്, ആർജെഡി നേതാക്കളുമൊക്കെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ നടന്ന കലാപങ്ങള്‍ക്ക് കാരണമായ വർഗീയ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കളെ സംരക്ഷിക്കുകയും, സിഎഎ നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തിയ യുവാക്കളെ ലക്ഷ്യം വെക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത് എന്ന്‍ സിപിഎം പറയുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്‌ സിംഗും അദ്ദേഹത്തിന്റെ കീഴിലുള്ള ഡൽഹി പോലീസുമാണ് ഈ നടപടികള്‍ക്ക് പിന്നിൽ. സിഎഎ നിയമത്തിനെതിരെ സമാധാനപരമായി സമരം നയിച്ചവരെ സ്പെഷ്യൽ ബ്രാഞ്ചിനെക്കൊണ്ട് വിളിപ്പിച്ച് ചോദ്യം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും പൊളിറ്റ് ബ്യൂറോ
പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കെതിരെ അക്രമത്തിന് പ്രേരണ നൽകിയെന്ന് തെളിയിക്കുന്ന ചെറിയ തെളിവു പോലും പോലീസിന് ഹാജരാക്കാനില്ലെന്ന് സിപിഎം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമ പ്രകാരം വിയോജിക്കാനുള്ള ജനാധിപത്യ അവകാശം അനുവദിച്ചു നൽകിയ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സിപിഎം പറഞ്ഞു. വിരമിച്ച ജഡ്ജിയെ വെച്ച് ഡൽഹിയിലെ കലാപ സംഭവങ്ങളിൽ അന്വേഷണം നടത്തണമെന്നും, ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം വഴിതിരിയുന്നതിന്‍റെ പിന്നിലെ കാരണങ്ങളും അന്വേഷണ വിഷയമാകണമെന്നും സിപിഎം ആവശ്യപ്പെട്ടു.