തെറ്റായ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കും; മനോരമയ്‌ക്കും കെ സുരേന്ദ്രനുമെതിരെ ഇ പി ജയരാജന്റെ ഭാര്യയും മകനും നിയമനടപടിക്ക്

single-img
14 September 2020

മലയാള മനോരമയും ചില രാഷ്ട്രീയ നേതാക്കളും ചേർന്നു നടത്തുന്ന വ്യക്തിഹത്യക്കെതിരെ വ്യവസായമന്ത്രി ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയും മകൻ ജയ്സണും നിയമനടപടിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് രണ്ടു ദിവസമായി മനോരമ ഇവർക്കെതിരെ മെനയുന്നതതെന്ന് ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര ആരോപിച്ചു.

ക്വാറന്റീൻ ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിൽ അടിയന്തര ലോക്കർ ഇടപാടു നടത്തിയ സംഭവത്തിലും ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര പ്രതികരിക്കുകയുണ്ടായി. ബാങ്കിൽ പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും. തെറ്റായ വാർത്തകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

പി കെ ഇന്ദിര ക്വാറന്റൈൻ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്നുവെന്ന പത്രത്തിന്റെ കണ്ടെത്തൽ പച്ചക്കള്ളമാണെന്ന് ദേശാഭിമാനി പത്രം റിപ്പോർട്ട് ചെയുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ പങ്കെടുത്ത മന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇ പി ജയരാജനാണ് സ്വയംനിരീക്ഷണത്തിൽ പോയത്. ഭാര്യ ഇന്ദിര ക്വാറന്റൈനിലായിരുന്നില്ല.

പേരക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച് കേരളബാങ്ക് കണ്ണൂർ ശാഖയിലെ ലോക്കറിലുള്ള, കുട്ടികളുടെ ആഭരണം എടുക്കാനാണ് അവർ പോയത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ഇടപാടുകൾ നടത്തിയതെന്നും ദേശാഭിമാനിയിൽ പരാമർശിക്കുന്നു.