വിമത ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങുന്നു,18 മുതിർന്ന കോൺഗ്രസ്സ് നേതാക്കളുടെ രഹസ്യ യോഗം ചേർന്നു; തടയിടാൻ ഹൈക്കമാൻഡ്

single-img
14 September 2020

കോൺഗസ് പുനഃസംഘടനയിൽ അതൃപ്തരായ 18 മുതിർന്ന നേതാക്കൾ രഹസ്യ യോഗം ചേർന്നു. നേതൃമാറ്റവും പാര്‍ട്ടിയില്‍ അഴിച്ചു പണിയും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളിൽ ഉൾപ്പെടുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും. ഗുലാംനബി ആസാദിന്റെയും കപില്‍ സിബലിന്റെയും നേതൃത്വത്തിലായിരുന്നു യോഗമെന്നാണ് റിപോർട്ടുകൾ. ചിലർക്ക് പ്രത്യേക അധികാരം ഒന്നും നൽകാതെ ഒതുക്കി നിർത്തുക, പിന്നീട് ഭ്രഷ്ട് കൽപ്പിക്കുക; ഇതാണ് ഇപ്പോഴുള്ള കോൺഗ്രസ്സ് നയമെന്ന വിമർശനമാണ് ഗുലാം നബി, കപിൽ സിബൽ എന്നിവർ നേതൃത്വം നൽകുന്ന വിമത വിഭാഗം ഉയർത്തുന്നത്.

പാര്‍ട്ടിയില്‍ അർഹമായ സ്ഥാനങ്ങൾ ഇനി ലഭിക്കില്ലെന്ന കാരണത്താൽ വിമതർ, ശക്തമായ ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങുന്നതായി അഭ്യൂഹമുയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്ന രഹസ്യ യോഗം ഹൈക്കമാൻഡ് ഗൗരവമായാണ് കാണുന്നത്. എന്നാൽ, പൊതുതിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇവരിൽ നിന്ന് രാഷ്ട്രീയ നീക്കം ഉണ്ടായാൽ തടയാനുള്ള പദ്ധതികളെ കുറിച്ച് ഔദ്യോഗിക പക്ഷം ചർച്ച ആരംഭിച്ചുവെന്നു എഐസിസി നേതാക്കളോട് അടുത്ത‌ വൃത്തങ്ങൾ പറഞ്ഞു.

സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്ന തങ്ങളുടെ നിർദ്ദേശം നടപ്പാക്കാത്തതിൽ വിമതർക്ക് പ്രതിഷേധമുണ്ട്. ഭരണഘടനാ വിരുദ്ധമായതും ജനാധിപത്യ വിരുദ്ധമായതുമായ കോൺഗസ് പുനഃസംഘടനാ രീതി പാടില്ലെന്ന പരാതി ഇവർ പരസ്യമായി പറയുകയും ചെയ്തു. തങ്ങളുടെ കൂടെയുള്ള മുതിർന്ന പല നേതാക്കളെയും തിരഞ്ഞെടുപ്പ് സമതികളില്‍ നിന്ന് ഒഴിവാക്കിയതും പ്രധാന സ്ഥാനങ്ങളിലേക്ക് ഇനി പരിഗണിക്കേണ്ടതില്ലെന്ന നിലപാടും യോഗം ചർച്ച ചെയ്തുവെന്ന് പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് സമതികളില്‍ നിന്ന് തങ്ങളുടെ നേതാക്കളെ ഒഴിവാക്കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കേണ്ടതില്ലെന്ന നിലപാട് യോഗം സ്വീകരിച്ചു എന്നാണ് റിപ്പോർട്ട്. ഹൈക്കമാൻഡ് തീരുമാനം ഇതിനകം ഉത്തര്‍പ്രദേശിൽ നടപ്പാക്കി.

2022 ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി കോണ്‍ഗ്രസ് രൂപം കൊടുത്ത സമിതികളിൽ നിന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചവരെ പൂർണമായും ഒഴിവാക്കി. സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍പ്പെട്ട ജിതിന്‍ പ്രസാദിനേയും രാജ് ബബ്ബാറിനേയും ഈ സമിതികളിലേക്ക് പരിഗണിച്ചില്ല. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായാണ് രാജ് ബബ്ബാർ.

അതേസമയം, യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി അടുപ്പമുള്ളവര്‍ സമിതികളില്‍ ഇടംപിടിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സമിതികള്‍ കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ഏഴ് സമിതികളാണ് പ്രഖ്യാപിച്ചത്. വിമതസ്വരം പരസ്യമായി ഉയർത്തുന്നവരെ ഒതുക്കണമെന്ന നിർദ്ദേശം അനുസരിച്ചാണ് സമിതികളിലെ പട്ടിക തയ്യാറാക്കിയത് എന്ന വിമർശനം വിമതപക്ഷ നേതാക്കൾ ഉയർത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ പ്രമുഖ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ആര്‍പിഎന്‍ സിങിനേയും സമിതികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാടിനെതിരെ ആര്‍പിഎന്‍ സിങ് ഒരു യോഗത്തില്‍ എതിര്‍ത്തിരുന്നു. ഗുലാംനബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയ 23 നേതാക്കളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി നേതൃമാറ്റവും പാര്‍ട്ടിയില്‍ അഴിച്ചു പണിയും ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ചത്.

മുതിര്‍ന്ന നേതാക്കളേയും യുവാക്കളേയും ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ കമ്മിറ്റികള്‍. തിരഞ്ഞെടുപ്പ് പ്രകടനപത്രിക, മെമ്പര്‍ഷിപ്പ്, മീഡിയ, പരിപാടികള്‍ നടപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലാണ് പ്രകടന പത്രിക സമിതി. മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപദേശക സമിതി റാഷിദ് ആല്‍വിയുടെ നേതൃത്വത്തിലാണ്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു എല്ലാ സമിതികളുടേയും മേല്‍നോട്ടം വഹിക്കും.