ഗ്രൂപ്പ് പോരിൽ കോൺഗ്രസ്; പാർട്ടി സ്ഥിരം പ്രതിപക്ഷമാകുമെന്ന മുന്നറിയിപ്പിന് പുല്ലു വിലയെന്ന് ആക്ഷേപം

single-img
14 September 2020

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളില്‍ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കി വിമത വിഭാഗം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ അതൃപ്തി പരസ്യമായി അറിയിച്ചു. എഐസിസി ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരരുദ്ധമായാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഇതാണ് കോണ്‍ഗ്രസ് പിന്തുടരുന്ന രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

നാമനിര്‍ദ്ദേശങ്ങള്‍ ഒരു മാനദണ്ഡമാണെങ്കില്‍, തിരഞ്ഞെടുപ്പിന് ഭ്രഷ്ട് കല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയും ഞങ്ങള്‍ മാറ്റിയേക്കാമെന്നാണ് കപില്‍ പ്രതികരിച്ചത്. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിബലിന്റെ പ്രതികരണം. ‘പാര്‍ട്ടിയില്‍ ഒരു തിരഞ്ഞെടുപ്പ് അനിവാര്യമാണ്, കോണ്‍ഗ്രസ് ഇനിയും മാറാന്‍ തയ്യാറല്ലെങ്കില്‍ അടുത്ത 50 വര്‍ഷവും പ്രതിപക്ഷത്തിരിക്കാം’ എന്നായിരുന്നു നേതൃത്വത്തോട് കപില്‍ സിബല്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

കോൺഗ്രസ് പാർട്ടി സ്ഥിരം പ്രതിപക്ഷമാകുമെന്ന തങ്ങളുടെ മുന്നറിയിപ്പിന് ഹൈക്കമാൻഡ് പുല്ലുവിലയാണ് നൽകിയത് എന്നാണ് ഇവരുടെ പരാതി. പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി അനുയോജ്യനല്ല എന്ന നിലപാടാണ് വിമത പക്ഷത്തിന്.

രാജ്യസഭയില്‍ കോണ്‍ഗ്രസിലെ നേതാവും ഉപനേതാവുമാണ് ഗുലാംനബി ആസാദും ആനന്ദ് ശര്‍മയും. എന്നാല്‍ ഇവരെ ഒതുക്കിക്കൊണ്ടാണ് പുതിയ പാര്‍ട്ടി കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി  മുതിർന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിന് പിന്നാലെയാണ് ഇവരിൽ പലരെയും ഉന്നത സ്ഥാനങ്ങളിൽ നിന്ന് നീക്കാനുള്ള നടപടിയുണ്ടായത്. കപില്‍ സിബലിനെക്കൂടാതെ ഗുലാം നബി ആസാദ്, ശശി തരൂര്‍, ആനന്ദ് ശര്‍മ തുടങ്ങിയ 23 മുതിര്‍ന്ന നേതാക്കളും കത്തില്‍ ഒപ്പിട്ടിരുന്നു.