‘പ്രധാനമന്ത്രി മയിലിനൊപ്പം’ ജനങ്ങൾ സ്വന്തം ജീവൻ സംരക്ഷിക്കണം- രാഹുൽ ഗാന്ധി

single-img
14 September 2020

നരേന്ദ്രമോദി സർക്കാരിന്റെ കോവിഡ്​ പ്രതിരോധ നടപടികളിലെ വീഴ്​ചകൾക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി മയിലുകളെ നോക്കുന്ന തിരക്കിലാണെന്നും അതിനാൽ ജനങ്ങൾ സ്വന്തം ജീവൻ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടണമെന്നും രാഹുൽ ട്വിറ്ററിലൂടെ വിമർശിച്ചു.

“ഇന്ത്യയുടെ കൊറോണ വൈറസ് കേസുകൾ ഈ ആഴ്ച 50 ലക്ഷം കടക്കും, സജീവമായ കേസുകൾ 10 ലക്ഷം കടക്കും. ആസൂത്രണം ചെയ്യാത്ത ലോക്കഡോൺ രാജ്യമെമ്പാടും കൊറോണ വൈറസ് വ്യാപിക്കാൻ കാരണമായി മോദി സർക്കാർ പറയുന്നത്​ സ്വാശ്രയത്വം (ആത്മനിർഭർ) നേടണമെന്നാണ്​. അതിനർഥം നിങ്ങൾ സ്വന്തം ജീവൻ രക്ഷിക്കുക. കാരണം പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാ​ണ്​”- രാഹുൽ ട്വിറ്ററിൽ കുറിച്ചു.

മോദി സർക്കാർ ആസൂത്രണത്തോടെയല്ല ലോക്​​​ഡൗൺ നടപ്പാക്കിയതെന്ന്​ രാഹുൽ നേരത്തെയും വിമർശിച്ചിരുന്നു. അപ്രതീക്ഷിത ലോക്​​ഡൗൺ മൂലം രാജ്യത്ത്​ 12 കോടിയിലധികം തൊഴിൽ നഷ്​ടമുണ്ടായെന്നും സാമ്പത്തിക വളർച്ച ചരിത്രത്തിലെ ഏറ്റവും താഴ്​ന്ന നിലയിലെത്തിയെന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കേന്ദ്രത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ നിരന്തരം വിമര്‍ശിച്ചിരുന്നു. കൃത്യമായി ആസൂത്രണം ചെയ്യാതെ നടപ്പാക്കിയ ലോക്ഡൗണാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്നാണ് രാഹുലിന്റെ പുതിയ ആരോപണം.

കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടുളള രാഹുലിന്റെ ട്വീറ്റുകളെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ നേരത്തേ പരിഹസിച്ചിരുന്നു. ‘രാഹുല്‍ ദിവസംതോറും ട്വീറ്റ് ചെയ്യുകയാണ്. ഒന്നിനുപിറകേ ഒന്നായി നേതാക്കളെ നഷ്ടപ്പെടുന്നതിനാല്‍ കോണ്‍ഗ്രസ് ട്വീറ്റുകളുടെ പാര്‍ട്ടിയായി മാറുന്നതായാണ് തോന്നുന്നത്. നൈരാശ്യത്തില്‍ സര്‍ക്കാരിനെതിരെ ഏതുവിധേനയുമുളള ആക്രമണം നടത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.’ ജാവഡേക്കര്‍ പറഞ്ഞു.

അതേസമയം ഇന്ന് 92,071 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതായുളള കണക്കുകള്‍ പുറത്തുവന്നതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 48.46 ലക്ഷമായി ഉയര്‍ന്നു. കോവിഡ് ബാധിച്ച് ഇതുവരെ 79,722 പേരാണ് മരിച്ചത്. നിലവില്‍ 9.86 ലക്ഷം പേരാണ് ചികിത്സയിലുളളത്.