ഒരു രൂപ പിഴയടച്ചു എന്നാല്‍ കേസില്‍ നിന്ന് പിന്‍മാറിയെന്നല്ല; പുനപരിശോധനാഹര്‍ജിയുമായി പ്രശാന്ത് ഭൂഷണ്‍

single-img
14 September 2020

തനിക്കെതിരെ നടന്ന കോടതിയലക്ഷ്യ കേസില്‍ പുനപരിശോധനാ ഹര്‍ജിയുമായി മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഒരു രൂപ പിഴ അടച്ചു എന്നാല്‍ താന്‍ കേസില്‍ നിന്ന് പിന്‍മാറിയെന്നല്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറയുകയുണ്ടായി. പിഴയായി സുപ്രിംകോടതി വിധിച്ച ഒരു രൂപ തനിക്ക് തരാന്‍ തയ്യാറായി രാജ്യത്തിന്റെ പലഭാഗത്തുനിന്നും ധാരാളം ആളുകള്‍ എത്തിയതായും അവര്‍ ആ തുക ട്രൂത്ത് ഫണ്ട് എന്ന പേരിലാണ് തന്നെ ഏല്‍പ്പിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ മാധ്യമങ്ങളെ അറിയിച്ചു.

പലപ്പോഴായി കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളോട് വിയോജിച്ചതിന്റെ പേരില്‍ ജയിയിലടയ്ക്കപ്പെട്ടവര്‍ക്കായി ഈ തുക സമാഹരിക്കുമെന്നും അദ്ദേഹംഅറിയിച്ചു. അതേസമയം കോടതിയലക്ഷ്യ കേസുകളില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

രാജ്യത്ത് കോടതിയലക്ഷ്യക്കേസുകളില്‍ ശിക്ഷ ലഭിക്കുന്നവര്‍ക്ക് സാധാരണയായി അപ്പീലിന് അവകാശമുണ്ടെന്നും അങ്ങിനെ ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്നാരോപിച്ചായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.