മൂന്നേമൂന്നു ആശുപത്രികൾ മാത്രം: എന്നിട്ടും രാജ്യത്തെ ഈ പ്രദേശം കോവിഡിനെ പടിക്കുപുറത്തു നിർത്തിയിരിക്കുകയാണ്

single-img
14 September 2020

കോവിഡ് വെെറസ് വ്യാപനം ഇന്ത്യയിൽ വർദ്ധിക്കുകയാണ്. നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഇന്ത്യയുടെ ഏകദേശം മുഴുവൻ ഭാഗങ്ങളിലും വെെറസ് വ്യാപനം നടന്നു കഴിഞ്ഞു. മുംബയ്, ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ പ്രതിദിന കേസുകള്‍ ആയിരം വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ ഒരു പ്രദേശം അതിൽ നിന്നും മാറിനിൽക്കുകയാണ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തുള്ള കേരളത്തോടു ചേർന്നു കിടക്കുന്ന ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ ഔദ്യോഗികമായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ത്യയുടെ മുക്കിലും മൂലയിലും കൊവിഡ് പടര്‍ന്നു കൊണ്ടിരിക്കെ കുതിച്ചുയരുന്ന രോഗബാധയുടെ പട്ടികയില്‍ ലക്ഷദ്വീപില്ലെന്നുള്ളത് ഒരർത്ഥത്തിൽ അത്ഭുതമാണ്. 64,000 ത്തിലധികം ജനസംഖ്യയുള്ള കേന്ദ്ര ഭരണ പ്രദേശത്ത് എന്തുകൊണ്ട് കോവിഡ് മാറിനിൽക്കുന്നു? സ്‌ക്രീനിംഗ്, പരിശോധന, ക്വാറന്റൈന്‍ എന്നിവയുടെ വിപുലമായ സംവിധാനാണ് ലക്ഷദ്വീപിനെ രാജ്യത്തെ മറ്റു സ്ഥലങ്ങളിൽ നിന്നും മാറ്റിനിർത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യാത്രക്കാരെ സ്‌ക്രീന്‍ ചെയ്യുക, ആഭ്യന്തര- വിദേശ ടൂറിസം അവസാനിപ്പിക്കുക തുടങ്ങിയ നടപടികള്‍ വളരെ നേരത്തെ ആരംഭിച്ചതായി ലക്ഷദ്വീപിലെ മിനികോയ് ദ്വീപിലെ ഡോ. മുനീര്‍ മനിക്ഫാന്‍ വ്യക്തമാക്കി. 

കോവിഡ് വ്യാപനത്തിൻ്റെ പ്രാരംഭ ഘട്ടത്തില്‍ അതായത് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിൽ ലക്ഷദ്വീപിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. വിദ്യാര്‍ത്ഥികള്‍, കുടിയേറിയ ആളുകള്‍ എന്നിവരൊക്കെ ലോക്ഡൗൺ മൂലം തിരിച്ചെത്തുന്ന സമയം. ഇതെല്ലാം അതിജീവിച്ചാണ് ലക്ഷദ്വീപ് ഈ മഹാമാരിയെ അകറ്റി നിർത്തിയത്. 

ഈ ഒരു സാഹചര്യം കൈകാര്യം ചെയ്യേണ്ടത് തിരക്കേറിയ ജോലി ആയിരുന്നുവെന്നും ഡോ. മുനീര്‍ മനിക്ഫാന്‍ വ്യക്തമാക്കുന്നു. കടല്‍ വഴിയും വിമാനമാര്‍ഗവും യാത്ര ചെയ്യുന്നവരുടെ പ്രീ- ബോര്‍ഡിംഗ് സ്‌ക്രീനിംഗ് ഫെബ്രുവരി ആദ്യം തന്നെ ആരംഭിച്ചു. കൊവിഡിന്റെ പ്രാരംഭഘട്ടത്തില്‍ ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പാടാക്കിയിരുന്നില്ല എന്നുള്ളതാണ് മറ്റൊരു യാഥാർത്ഥ്യം. രാജ്യത്ത് ലോക്ഡൗണിനു ശേഷം അണ്‍ലോക്കിന്റെ വിവിധ ഘട്ടങ്ങൾ വന്നപ്പോൾ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ലക്ഷദ്വീപിന് അത്രയൊന്നും ആശങ്കപ്പെടേണ്ടി വന്നിട്ടില്ല. ദേശീയ ലോക്ക് ഡൗണിൻ്റെ 21 ദിവസം സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിച്ചെന്നും കടകളൊന്നും തുറന്നിട്ടില്ലെന്നും പ്രദേശവാസികള്‍ തന്നെ വ്യക്തമാക്കുന്നു. 

നിലവില്‍ കുറച്ച് നിയന്ത്രണങ്ങള്‍ ലക്ഷദ്വീപിലും അവശേഷിക്കുന്നുണ്ട്. രാജ്യത്തെ ബാക്കിയിടങ്ങളിലും വൈറസ് പിടിപെടാനുള്ള സാധ്യത ഉയര്‍ന്നിട്ടുണ്ടെങ്കിലും ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് അതൊരു ഭീഷണിയാകുന്നില്ല. ദ്വീപുകളില്‍ കര്‍ശന നിയന്ത്രണങ്ങളൊന്നുമില്ലെന്നുള്ളതും വസ്തുതയാണ്. അതേസമയം നൂറിലധികം ആളുകള്‍ ഒത്തുകൂടുന്ന ചടങ്ങുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍, ചെറിയ മീറ്റിങ്ങുകള്‍ അനുവദനീയമാണെന്നും ലക്ഷദ്വീപിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദ്വീപിലെ കടകളെല്ലാം പതിവുപോലെ തുറക്കുന്നുണ്ട്. 

എന്നാൽ ഇതിനിടയിൽ മറ്റൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. ദ്വീപിൽ രോഗബാധ കണ്ടെത്തിയാല്‍ കേന്ദ്രഭരണ പ്രദേശം എന്തു ചെയ്യും എന്നുള്ളതാണത്. അത്തരത്തിലൊരു സാഹചര്യം വന്നാല്‍ അവിടെയുള്ളവർക്ക് എവിടെയും പോകാന്‍ സാധിക്കില്ലെന്നുള്ളതാണ് വസ്തുത. വളരെ എളുപ്പത്തില്‍ കൊവിഡ് പകരാനും സാധ്യതയുണ്ട്. അങ്ങനെയായാല്‍ ലക്ഷദ്വീപ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നാണ് അധികൃതർ നൽകുന്ന സൂചനകൾ. 

ദ്വീപിൽ ഏറ്റവും കുറവ് അടിസ്ഥാന സൗകര്യങ്ങളാണുള്ളത്. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും പരിമിതി വലിയ പോരായ്മയാണ്. ലക്ഷദ്വീപില്‍ ആകെ മൂന്ന് ആശുപത്രികളും ഒരു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുമാണ് ഉള്ളത്. കവരത്തിയിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ ഒരു ബ്ലോക്കിലെ 30 കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി നിലവിൽ മാറ്റിവെച്ചിട്ടുണ്ട്. അതുമാത്രമാണ് ഇക്കാര്യത്തിൽ അവരുടെ മുൻകരുതൽ. 

എന്നിരുന്നാലും ഈ മഹാമാരിയെ തങ്ങളുടെ പ്രദേശത്തേക്ക് കയറ്റില്ലെന്ന ഉറച്ച തീരുമാനം ദ്വീപ് നിവാസികൾ കെെക്കൊണ്ടിരിക്കുന്നതിനാൽ ആ നിശ്ചയദാർഡ്യത്തിനു മുന്നിൽ കോവിഡ് തോൽക്കുവാനാണ് സാധ്യത.