സ്വർണ്ണ കടത്ത് പ്രതികളിൽ ഒരാൾക്ക് വൻ സ്വാധീനമെന്ന് കേന്ദ്ര സർക്കാർ; കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെ

single-img
14 September 2020

തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണ്ണ കടത്ത് നയതന്ത്ര ബാഗേജിൽ തന്നെയെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിൽ രേഖാമൂലമാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂർ ഇക്കാര്യം അറിയിച്ചത്. പ്രതികളിൽ ഒരാൾക്ക് വൻ സ്വാധീനമുണ്ട്. അതിനാൽ കേസിൽ എൻഐഎയുടേയും കസ്റ്റംസിന്റേയും അന്വേഷണത്തിന് സമാന്തരമായി തന്നെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റേയും അന്വേഷണം തുടരുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അറിയിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 16 പേരെ ഇതുവരെ പിടികൂടിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. എൻ കെ പ്രേമചന്ദ്രൻ, അഡ്വ. ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവരാണ് സ്വർണ്ണ കടത്ത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. ഈ വർഷം ജൂലായിലാണ് ദുബായിൽ നിന്നും വന്ന നയതന്ത്രബാഗിൽ സ്വർണമുണ്ടെന്ന സംശയം കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ പ്രതിരോധമന്ത്രാലയത്തെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബാഗിൽ നിന്നും സ്വർണം കണ്ടെത്തി.

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പ്രധാനപ്പെട്ടതാണ് ഡിപ്ലോമാറ്റിക് ബാഗേജ്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയത്തിനോ ഐക്യരാഷ്ട്ര സഭയുടെ സ്ഥാപനങ്ങള്‍ക്കോ രേഖകള്‍ അയയ്ക്കുന്നത് ഇതുവഴിയാണ്.