തൊണ്ടിമുതൽ ഒളിപ്പിക്കാൻ ഇപി ജയരാജന്റെ ഭാര്യ ക്വാറന്റീൻ ലംഘിച്ച് ലോക്കർ തുറന്നെന്ന് കെ സുരേന്ദ്രൻ

single-img
14 September 2020

മന്ത്രി ഇപി ജയരാജന്റെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപിയുടെ ഭാര്യ കെ പി ഇന്ദിര ക്വാറന്റീൻ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്ന് തൊണ്ടിമുതൽ ഒളിപ്പിച്ചുവെന്നാണ് സുരേന്ദ്രൻ ആരോപിച്ചത്.

ഇ.പി.ജയരാജന്റെ ഭാര്യ ക്വാറന്റീൻ ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി അടിയന്തര ലോക്കർ ഇടപാട് നടത്തിയത് കേന്ദ്ര അന്വേഷണ ഏജൻസി പരിശോധിച്ച് വരികയാണ്. ഇവരുടെ മകൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കർ തുറന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. 

കേരളാ ബാങ്കിന്റെ കണ്ണൂർ ശാഖയിൽ സീനിയർ മാനേജരായി വിരമിച്ചയാളാണ് കെപി ഇന്ദിര. കോവിഡ് പരിശോധനയ്ക്കായി സാംപിൾ നൽകിയതിനു  ശേഷം ക്വാറന്റീനിൽ കഴിയവേ ഈ മാസം 10ന് ഉച്ചയോടെ ഇവർ ബാങ്കിലെത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റീനിൽ കഴിയണം. ബാങ്കിൽ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ 3 പേർ ക്വാറന്റീനിൽ പോകേണ്ടിവരികയും ചെയ്തതായി മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.  

ക്വാറന്റീൻ ലംഘിച്ച് ഇന്ദിര വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങൾ ബാങ്കിലെ സിസിടിവിയിലുണ്ട്. ലോക്കർ റജിസ്റ്ററിൽ ഒപ്പുവച്ചിട്ടുമുണ്ട്. ലോക്കറിൽ നിന്ന് എന്താണ് എടുക്കുന്നതെന്നു ബാങ്കിൽ വെളിപ്പെടുത്തേണ്ടതില്ല. 

Content Highlights: EP Jayarajan’s wife opened bank locker to hide the mainour: K Surendran