ജലീലിനെതിരെ നടക്കുന്നത് ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാനുള്ള ശ്രമം; എന്തിന് രാജിവെക്കണമെന്ന് മുഖ്യമന്ത്രി

single-img
14 September 2020

പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും മന്ത്രി ജലീലിനെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് എന്നും വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജലീല്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ‘റംസാന്‍ കാലത്തില്‍ സകാത്ത് കൊടുക്കലും മതഗ്രന്ഥം വിതരണം ചെയ്യലും എവിടേയും കുറ്റകരമായ കാര്യമല്ല എന്നും ആ കാര്യം അദ്ദേഹത്തെ അറിയിക്കുന്നു. അദ്ദേഹം തന്നെ അക്കാര്യം തെളിവ് സഹിതം പുറത്തുവിടുന്നു. അത് എങ്ങിനെയാണ് കുറ്റമാകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

എങ്ങിനെ നോക്കിയാലും ഏതെങ്കിലും തരത്തില്‍ ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. അതുകൊണ്ടുതന്നെ മന്ത്രിയ്‌ക്കെതിരെ ബോധപൂര്‍വം അപവാദം പ്രചരിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്ത് ഈ വിഷയവുമായി ബന്ധപ്പെടേണ്ട മന്ത്രി തന്നെയാണ് ജലീലെന്നും അതിലും തെറ്റ് പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്ത് വസ്തുതയുടെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ജലീല്‍ എന്തിന് രാജിവെക്കണമെന്നും മുഖ്യമന്ത്രി ചോദിക്കുകയും ചെയ്തു.

മന്ത്രിക്കെതിരെ ഒന്നിലധികം പരാതികള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പോയിരുന്നു. സംസ്ഥാനത്തെത്തിയ ഖുറാനുമായി ബന്ധപ്പെട്ടാണ് പരാതികളുണ്ടായത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ അന്വേഷണ ഏജന്‍സി അദ്ദേഹത്തോട് ചോദിച്ചറിഞ്ഞുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതില്‍ കൂടുതല്‍ മറ്റ് വലിയ കാര്യങ്ങള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേപോലെ തന്നെ ജലീലിനെ പാരിപ്പള്ളിയില്‍ വാഹനം കയറ്റിയിട്ട് തടഞ്ഞത് വലിയ അപകടം ക്ഷണിച്ച് വരുത്തുന്നതാണ്. ഇത്തരം പ്രവൃത്തികളെ സമരമെന്ന് വിളിക്കാനാകില്ലെന്നും ഇവ ആഭാസമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.