17000 കിലോ ഈന്തപ്പഴത്തിനു മറവിൽ എന്താണ് വന്നത്?: ചോദ്യവുമായി ചെന്നിത്തല

single-img
14 September 2020

പ്രോട്ടോകോൾ ഓഫീസർക്കെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 17000 കിലോ ഈന്തപ്പഴം ഡിപ്ളോമാ‌റ്റിക് ബാഗേജ് വന്നിരുന്നു. ഇതിന് രേഖകളുണ്ട്. ഇത്രയധികം ഈന്തപ്പഴം എന്തിനാണെന്നാണ് അദ്ദേഹം ചോദിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രോട്ടോകോൾ ഓഫിസർ അറിയാതെ ഇതൊന്നും നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. 

 അദ്ദേഹം ഇത് അന്വേഷിച്ചോ ഇതിന് അനുമതി കൊടുത്തോ എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ഈന്തപ്പഴം വഴി സ്വർണകടത്ത് നടന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ലൈഫ് മിഷൻ പദ്ധതിയിൽ പ്രതിപക്ഷവും മാദ്ധ്യമങ്ങളും നെറികേട് കാട്ടിയെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനും ചെന്നിത്തല മറുപടി പറഞ്ഞു. നെറികേട് കാട്ടിയത് സർക്കാരാണെന്നും കോടികളുടെ അഴിമതി കാട്ടിയിട്ട് അത് റിപ്പോർട്ട് ചെയ്‌ത മാദ്ധ്യമങ്ങൾ നെറികേട് കാട്ടുകയാണെന്ന് മുഖ്യമന്ത്രി പറയുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

സർക്കാരിനെ കരിവാരി തേക്കുന്നു എന്ന് പരാതി പറയുന്നു. കരിയിൽ മുങ്ങിത്താഴുന്ന നാണം കെട്ട ഒരു ഗവൺമെന്റിനെ ഇനിയെന്ത് കരിവാരി തേക്കാനാണെന്ന് ചെന്നിത്തല ചോദിച്ചു. എന്ത് അഴിമതിയും തീവെട്ടിക്കൊള‌ള നടത്തിയാലും അതെല്ലാം ഭൂഷണമാണെന്ന് കരുതുന്ന സർക്കാരാണിത്. 100 കോടിയുടെ ലൈഫ് പദ്ധതിക്ക് പിരിക്കാൻ ലക്ഷ്യമിട്ട സ്വപ്‌ന സുരേഷിനെ തള‌ളിപ്പറയാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.’

ഇ.ഡിയുടെ അന്വേഷണം മികച്ച നിലയിൽ നടക്കുകയാണെന്ന് മുൻപ് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം മുറുകുമ്പോൾ ചിലരുടെ നെഞ്ചിടിപ്പ് വർദ്ധിക്കും എന്ന് പരിഹാസം ഉന്നയിച്ചു.എന്നാൽ ഇപ്പോൾ നെഞ്ചിടിപ്പ് വർദ്ധിച്ചത് യുഡിഎഫിന്റെ ആരുടെയുമല്ലെന്നും അത് കോടിയേരിയുടെയും,ജലീലിന്റെയും,ഇ.പി.ജയരാജന്റെയുമാണെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രി ജയരാജന്റെ ഭാര്യ എന്തിനാണ് ക്വാറന്റൈൻ ലംഘിച്ച് ബാങ്കിൽ പോയി ലോക്കർ പരിശോധിച്ചതെന്ന് ചെന്നിത്തല ചോദിച്ചു. ഇതുകാരണം ബാങ്ക് ഉദ്യോഗസ്ഥർ ക്വാറന്റൈനിലായി. വ്യവസായ മന്ത്രിയുടെ മകന് സ്വപ്‌നയുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.