ടിക്‌ടോക് ഏറ്റെടുക്കൽ: മൈക്രോസോഫ്റ്റിന് തിരിച്ചടി; ശ്രമം തുടർന്ന് ഒറാക്കിള്‍

single-img
14 September 2020

ചൈനീസ് വീഡിയോ ഷെയറിങ് ആപ്പായ ടിക്‌ടോക് വാങ്ങാനുള്ള മൈക്രോസോഫ്റ്റിന്റെ നീക്കം പാളി. തങ്ങളുടെ വാഗ്ദാനം ടിക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് നിരസിച്ചുവെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ഇതോടെ ഒറാക്കിള്‍ മാത്രമാകും ടിക്‌ടോക് വാങ്ങാന്‍ രംഗത്തുള്ള ഏക കമ്പനി. ടിക്‌ടോക്കിനെ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ ഒറാക്കിള്‍ വിജയം നേടിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

ടിക്‌ടോക്കിന്റെ അമേരിക്കയിലെ അവകാശം ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്കു വില്‍ക്കുകയോ പ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്യണമെന്ന് ട്രംപ് ഭരണകൂടം അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണു വിവിധ കമ്പനികള്‍ രംഗത്തെത്തിയത്. ഒറാക്കിളിന്റെ വാഗ്ദാനം ബൈറ്റ് ഡാന്‍സ് അംഗീകരിച്ചാല്‍ ഇനി വൈറ്റ് ഹൗസിന്റെയും യുഎസ് വിദേശനിക്ഷേപ സമിതിയുടെയും അനുമതി വേണം. അമേരിക്കന്‍ ഡേറ്റാ സുരക്ഷിതത്വത്തിനു യാതൊരു ഭീഷണിയും ഉണ്ടാകില്ലെന്ന് അധികൃതര്‍ക്ക് ഉറപ്പു വരികയും വേണം

ഈ മാസം 20നുള്ളില്‍ വില്‍പന കരാര്‍ ഉണ്ടായില്ലെങ്കില്‍ അമേരിക്കയില്‍ ടിക്‌ടോക് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ഓഗസ്റ്റില്‍ ടിക്‌ടോക് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് രംഗത്തെത്തി. പക്ഷെ ഇവര്‍ മുന്നോട്ടുവച്ച വാഗ്ദാനം ബൈറ്റ് ഡാന്‍സ് തള്ളുകയായിരുന്നു. ടിക്‌ടോക്കിന്റെ അമേരിക്കയിലെ പ്രവര്‍ത്തനാവകാശം മൈക്രോസോഫ്റ്റിനു വില്‍ക്കുന്നില്ലെന്ന് ബൈറ്റ്ഡാന്‍സ് അറിയിച്ചതായും കമ്പനിവൃത്തങ്ങള്‍ വ്യക്തമാക്കി.

ടിക്‌ടോക് ഉപയോഗിച്ചു ചൈന അമേരിക്കയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളെയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്നും അവരെ ബ്ലാക്ക്‌മെയില്‍ ചെയ്തു ചാരപ്രവര്‍ത്തനം നടത്താനിടയുണ്ടെന്നും ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു.