ഉമ്മൻചാണ്ടി മികച്ച മുഖ്യമന്ത്രിയായി പേരെടുത്തയാൾ, ചെന്നിത്തല പ്രതിപക്ഷ നേതാവായി നല്ല പ്രകടനം നടത്തുന്നയാൾ: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് എഐസിസി

single-img
14 September 2020

അടുത്ത തെരഞ്ഞെടുപ്പിൽ ആരായിരിക്കും കോൺഗ്രസിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. കേരള രാഷ്ട്രീയത്തിൽ ഏറ്റവും പ്രാധാന്യമേറിയ ചോദ്യമാണിത്. എന്നാൽ മുഖ്യമന്ത്രിയായി ഒരുഒ സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടില്ലെന്നാണ് എഐസിസി നൽകുന്ന സൂചനകൾ. മുഖ്യമന്ത്രിയെ പാർലമെന്ററി പാർട്ടിയും ഹൈക്കമാൻഡും ചേർന്നായിരിക്കും തീരുമാനിക്കുകയെന്നും അത് കേരളത്തിലെ നേതാക്കൾ അംഗീകരിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി കഴിഞ്ഞ ദിവസം ചുമതലയേറ്റ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ താരിഖ് അൻവർ വ്യക്തമാക്കി. ഒരു മലയാള മാധ്യമത്തിനു നൽകിയ അഭഥിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പളളി തുടങ്ങി കേരളത്തിലെ കോൺഗ്രസ് നേതാക്കളെല്ലാം മുതിർന്നവരും പാർട്ടിയിൽ സുപ്രധാന പങ്ക് വഹിച്ചവരുമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് നിർണായകമാണെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് തിരഞ്ഞെടുപ്പിനോട് സഹകരിക്കുമെന്നാണ് താൻ കരുതുന്നതെന്നും മദ്ധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ സംഭവിച്ചത് കേരളത്തിൽ സംഭവിക്കില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കുന്നു. 

 അനുഭവ സമ്പത്തിലും പ്രായോഗിക രാഷ്ട്രീയത്തിലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുൻനിരയിലാണ്. രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും ഡൽഹി വഴി നല്ലതു പോലെ അറിയാം. ഉമ്മൻചാണ്ടി മികച്ച മുഖ്യമന്ത്രിയായി പേരെടുത്തയാളാണ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല നല്ല പ്രകടനമാണ് നടത്തുന്നത്. രമേശ് കഴിവുള്ള നേതാവാണ്. കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് രമേശിന്റെ നേതൃത്വത്തിൽ നടത്തുന്നത്. ചെന്നിത്തല അടക്കമു‌ള്ള കേരള നേതാക്കൾ മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്- അൻവർ പറയുന്നു. 

കേരളത്തിലെ കോൺഗ്രസ് ഇന്ത്യയ്‌ക്കാകെ മാതൃകയാണ്. 2019ൽ രാജ്യമൊട്ടാകെ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും ദേശീയ തലത്തിൽ കോൺഗ്രസിന് മികച്ച സംഭാവന നൽകിയത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ താഴെ തട്ട് മുതൽ പാർട്ടിയുടെ സംഘടനാ സംവിധാനമുണ്ട്. പാർട്ടിയോട് കൂറുള്ളവരാണ് കേരളത്തിലെ നേതാക്കളും പ്രവർത്തകരും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു വലിയ ദൗത്യമാണ് പാ‌ർട്ടി എന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയും, അദ്ദേഹം പങ്കുവച്ചു.