കൊവിഡ് പ്രതിരോധത്തിനായി പോരാടിയപോലെ രാഷ്ട്രീയ പ്രതിസന്ധിക്കെതിരേയും പോരാടും: ഉദ്ദവ് താക്കറെ

single-img
13 September 2020

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയും പൊതുജനാരോഗ്യം സംബന്ധിച്ച പ്രശ്‌നങ്ങളും നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പൊതുജനങ്ങളോട് സംവദിക്കുന്ന ടെലിവിഷന്‍ പരിപാടിയിലൂടെ സംസ്ഥാന മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഏത് തരത്തിലുള്ള രാഷ്ട്രീയ കൊടുങ്കാറ്റ് വന്നാലും അത് നേരിടുമെന്നും, കൊറോണ വൈറസിനെതിരെയും ഞാന്‍ പോരാടുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.

സമീപ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിനായി പോരാടിയെന്നും അതുപോലെ രാഷ്ട്രീയ പ്രതിസന്ധിക്കെതിരേയും പോരാടുമെന്നുംഅദ്ദേഹം പറഞ്ഞു.ബോളിവുഡ് നടി കങ്കണയുമായി ബന്ധപ്പെട്ട വിഷയം മഹാരാഷ്ട്രിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സാഹചര്യത്തിലാണ് താക്കറെയുടെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

അതേസമയം കങ്കണയുടെ വിഷയത്തില്‍ ക്ഷത്രിയ വോട്ടും രജ്പുത്ത് വോട്ടും മുന്നില്‍ക്കണ്ടിട്ടുള്ള ചാട്ടമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് ആരോപിച്ചുകൊണ്ട്‌ നേരത്തെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു.