മന്ത്രി കെ ടി ജലീലിനെതിരെ പ്രതിഷേധിക്കാന്‍ വാഹനവ്യൂഹത്തിന് മുന്‍പിലേയ്ക്ക് ചാടി; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കയ്യൊടിഞ്ഞു

single-img
13 September 2020

പ്രതിഷേധ ഭാഗമായി മന്ത്രി കെ ടി ജലീലിന്റെ വാഹനവ്യൂഹത്തിന് മുന്‍പിലേയ്ക്ക് ചാടി യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍. തൃശൂര്‍ ജില്ലയിലെ പാലിയേക്കരയിലാണ് പ്രവര്‍ത്തകര്‍ വാഹനവ്യൂഹം തടഞ്ഞത്. ഇതിനിടയില്‍ പോലീസ് ജീപ്പില്‍ തട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് സജീര്‍ ബാബുവിന്റെ കയ്യൊടിയുകയും ചെയ്തു.

തനിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ കൈ വീശി കാട്ടിയായിരുന്നു മന്ത്രിയുടെ യാത്ര.അതേസമയം വാഹനം തടഞ്ഞവരെ ബലം പ്രയോഗിച്ച് പോലീസ് നീക്കം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഇഡിയുടെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടക്കുന്നതിനിടെ ഇന്നാണ് വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് മന്ത്രി ആദ്യമായി പുറത്തേക്ക് യാത്ര തിരിച്ചത്.

വഴിയില്‍ ഉണ്ടാവാനിടയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് മന്ത്രി യാത്ര ചെയ്തത്. തനിക്ക് ജനങ്ങളോട് പറയാനുള്ളതെല്ലാം സോഷ്യല്‍ മീഡിയയായ ഫെയ്‌സ്ബുക്കില്‍ സംസാരിക്കുമെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിയുടെ യാത്രയിലുടനീളം പ്രതിഷേധ പ്രകടനങ്ങളുണ്ടായിരുന്നു.