കോവിഡ് വാക്‌സിന്‍ പുറത്തിറക്കാനുള്ള തിയതി തീരുമാനിച്ചിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി

single-img
13 September 2020

ഇന്ത്യ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ പുറത്തിറക്കാനുള്ള തീയതി ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ അറിയിച്ചു. 2021 ആദ്യം വാക്‌സിന്‍ ഉപയോഗ സജ്ജമായേക്കുമെന്നും മന്ത്രി സൂചന നല്‍കി.

സോഷ്യല്‍ മീഡിയയിലൂടെയുള്ള സംവാദ പരിപാടിയായ സണ്‍ഡേ സംവാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു. വാക്സിന്‍ നല്‍കുന്ന സുരക്ഷ, ചെലവ്, ഉല്‍പ്പാദനത്തിന് ആവശ്യമായി വരുന്ന ദീര്‍ഘമായ സമയം തുടങ്ങിയ കാര്യങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു.

ഏത് നിമിഷവും വാക്‌സിന്‍ സജ്ജമായാല്‍ ഉടന്‍ തന്നെ അത് രാജ്യത്തെ ജനങ്ങളിലേക്ക് എത്തിക്കും. വാക്‌സിന്‍ നിര്‍മ്മിക്കപ്പെട്ടാല്‍ ആദ്യ ഡോസ് പരീക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്ന സംവാദത്തില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി. ഇന്ത്യയില്‍ നിലവില്‍ ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, സൈഡസ് കാഡില, പനാസിയ ബയോടെക്, ഇന്ത്യന്‍ ഇമ്മ്യൂണളോജിക്കല്‍സ്, മിന്‍വാക്‌സ്, ബയോളജിക്കല്‍ ഇ തുടങ്ങിയ സ്ഥാപനങ്ങളാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമം നടത്തുന്നത്.