രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയുടെ അപേക്ഷ തള്ളി: ഇറാനിൽ സൂപ്പര്‍ ഗുസ്തി താരം നവീദിനെ തൂക്കിലേറ്റി

single-img
13 September 2020

ഗുസ്തി ചാംപ്യൻ നവീദ് അഫ്കാരി (27) യെ ഇറാനിൽ തൂക്കിലേറ്റി. സുരക്ഷാ ഗാർഡിനെ കുത്തിക്കൊന്ന കേസിലാണ് നവീദ് അഫ്കാരിയെ തൂക്കിലേറ്റിയത്. ഇറാന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി പ്രതികരിച്ചു. 2018 ലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെയാണ് ജലവിതരണ കമ്പനിയിലെ സുരക്ഷാജീവനക്കാരനായ ഹസൻ തുർക്ക്മാൻ കൊല്ലപ്പെട്ടത്. ഗ്രീക്കോ റോമൻ ഗുസ്തിയിലെ സൂപ്പർതാരമായിരുന്ന നവീദിനെ കുറ്റസമ്മതം നടത്താൻ പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നു.

ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ, കായികതാരങ്ങൾ എന്നിവർ നവീദിന്റെ മോചനത്തിനായി ശബ്ദമുയർത്തിയിരുന്നു. വധശിക്ഷ നടപ്പാക്കിയാൽ ഇറാനെ ലോക കായിക വേദിയിൽനിന്നു വിലക്കണമെന്നു 85,000 കായികതാരങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെടുകയും ചെയ്തു. നവീദിന്റെ കുറ്റസമ്മത വിഡിയോ ഇറാൻ പുറത്തുവിട്ടിരുന്നു. ഇതേ കേസി‍ൽ നവീദിന്റെ സഹോദരങ്ങളായ വഹീദ് 54 വർഷവും ഹബീബ് 27 വർഷവും തടവുശിക്ഷ അനുഭവിച്ചുവരികയാണ്.