ഇന്ത്യ നിര്‍മ്മിക്കുന്നു ‘ഭാഭ കവച്’; എ കെ 47ല്‍ നിന്നും ഉതിരുന്ന തിരകളെയും ചെറുക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍

single-img
13 September 2020

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ സെെനിക‌ർക്കായി അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ സ്വന്തമായി നിർമിക്കുകയാണ് ഇന്ത്യ. ഇതിനായി ഹെെദരാബാദിലെ കാഞ്ചൻബാഗ് ആസ്ഥാനമായുള്ള മിശ്ര ധാതു നിഗം ലിമിറ്റഡ്(മിഥാനി) ആണ് അത്യാധുനിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമിക്കുന്നത്.എ കെ 47 ഉതിര്‍ക്കുന്ന വെടിയുണ്ടകളെ വരെ ശക്തമായി പ്രതിരോധിക്കാൻ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ കവചങ്ങളാണ് ഇവിടെ നിർമിക്കുന്നത്.

വളരെയധികം പ്രത്യേകതയുള്ളതാണ് ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്. മാത്രമല്ല, സെെനിക വാഹനങ്ങൾക്കുള്ള സാങ്കേതികവിദ്യകളും ഇവ‌ർ ഉൾപ്പെടുത്തിയിട്ടുണ്ട്.രാജ്യത്തിനായി ഭാഭ അറ്റോമിക് റിസർച്ച് സെന്ററാണ്(ബാർക്) നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. അതുകൊണ്ടുതന്നെ ഈ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്ക് ‘ഭാഭ കവച്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള അർദ്ധ സെെനിക വിഭാഗങ്ങൾക്കായി നൂറ് കണക്കിന് വരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഇതിനകം മാതൃകയായി നൽകിയിട്ടുണ്ട്.വലിയ തോതില്‍ ഇത്തരം ജാക്കറ്റുകള്‍ നിർമിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് ലഭിച്ചു കഴിഞ്ഞു. ലോകമാകെ വികസിപ്പിച്ചെടുത്ത വെടിക്കോപ്പുകളെ ഞങ്ങൾ നിരീക്ഷിക്കുകയും ജാക്കറ്റുകൾ നവീകരിക്കുകയും അനുയോജ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നുണ്ടെന്ന് മിഥാനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി സഞ്ജയ് കുമാർ പറയുന്നു.

പുതിയ പരീക്ഷണം വിജയകരവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ബി ഐ എസ് ലെവൽ-6 സവിശേഷതകളും പാലിക്കുന്നതുമാണ്. ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, വാഹന ആയുധ ശേഖരണം, സായുധ സേനയുടെ സംരക്ഷണ ഗിയർ എന്നിവയ്ക്കു പുറമെ സമ്പൂർണ കവചം ഉണ്ടായിരിക്കും എന്നതാണ്.എത്രത്തോളം വെല്ലുവിളികൾ നിറഞ്ഞ സാഹചര്യമായാലും ഉപയോഗിക്കാൻ തക്കതായ എല്ലാ സവിശേഷതകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിന് തെളിവ് എന്ന് പറയുന്നത് വാഹനത്തിന്റെ ഒരു ടയർ വെടിവയ്ക്കുകയാണെങ്കിൽ പോലും വാഹനത്തിന് വീണ്ടും ഒരു കിലോ മീറ്റർ വരെയുള്ള ദൂരം സഞ്ചരിക്കാനാകും. സാങ്കേതിക രീതിയില്‍ ഈ സംവിധാനത്തെ റൺഫ്ലാറ്റ് ടയറുകൾ എന്നാണ് വിശേഷിപ്പിക്കുന്നത്.

ആയുധങ്ങള്‍ ഉള്‍പ്പെടെ ഏഴുപേരെയും വാഹനത്തിന് ഒരേസമയം വഹിക്കാൻ ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ആവശ്യ സന്ദര്‍ഭങ്ങളില്‍ ക്വിക്ക് റെസ്പോൻസ് ടീമായും അകമ്പടി വാഹനമായും മറ്റ് ചുമതല പ്രവർത്തനങ്ങൾക്കായും ഈ വാഹനം ഉപയോഗിക്കാം.

സ്വയം പര്യാപ്തത ആയുധ നിര്‍മ്മാണത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായ പദ്ധതി ആത്മനിർഭർ ഭാരത് ഉദ്യമത്തിന് കേന്ദ്ര പ്രതിരോധമന്ത്രാലയവും ശക്തമായ പിന്തുണ നൽകിയിരുന്നു. നൂതനമായ സാങ്കേതികവിദ്യയിൽ വെെദഗ്ദ്ധ്യം നേടുകയും അവ ഉപയോഗിച്ച് തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കുകയും ചെയ്തതാണ് മിഥാനി. അതിനാല്‍ സായുധ സേനയ്ക്കും സുരക്ഷാ ഏജൻസികൾക്കും മിഥാനിയിൽ നിന്ന് ഇവ വാങ്ങിക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു.