തിരുവനന്തപുരത്ത് ഡിസിസി നേതാവിൻ്റെ നേതൃത്വത്തിൽ ഗുണ്ടാ കൂട്ടായ്മ: പങ്കെടുത്തവർ ഓംപ്രകാശ്,പുത്തൻപാലം രാജേഷ് തുടങ്ങിയവർ

single-img
13 September 2020

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ കുപ്രസിദ്ധ ഗുണ്ടകൾ ഒത്തുചേർന്നതായി റിപ്പോർട്ടുകൾ. തിരുവനന്തപുരം ഡിസിസി അംഗത്തിൻ്റെ ചേന്തിയിലെ വീട്ടിലാണ് ഗുണ്ടകൾ ഒത്തു ചേർന്നത്. ഓഗസ്റ്റ് 31നാണ് ഒത്തുചേരൽ നടന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 

തിരുവനന്തപുരം നഗരസഭ കൗൺസിലർ സിനിയുടെ ഭർത്താവും ഡിസിസി അംഗവുമായ ചേന്തി അനിയുടെ വീട്ടിലാണ് ഓംപ്രകാശ്, പുത്തൻപാലം രാജേഷ് തുടങ്ങിയ ഗുണ്ടകളുടെ നേതൃത്വത്തിൽ ഒത്തുചേരൽ നടത്തിയത്. ഈ വീടിൻ്റെ മുന്നിൽ വച്ചാണ് ഒത്തുചേരൽ നടന്നതിൻ്റെ രണ്ടാം ദിവസം അതായത് സെപ്തംബർ രണ്ടിന് യുവാവിന് വെട്ടേറ്റത്. 

സംഭവത്തെ കുറിച്ച് ഇൻ്റെലിജൻസ് അന്വേഷണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസിസി അംഗത്തിൻ്റെ നേതൃത്വത്തിൽ ഗുണ്ടകൾ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി സ്പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

വീട്ടിൽ പാർട്ടി സംഘടിപ്പിച്ചത്  ഡി സി സി അംഗം ചേന്തി അനിയുടെ നേതൃത്വത്തിലാണെന്നാണ് വിവരങ്ങൾ പുറത്തു വരുന്നത്. മുത്തൂറ്റ് പോൾ വധക്കേസ് പ്രതികളായ  ഓം പ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പാർട്ടിയിൽ പങ്കെടുത്തത്. ഒത്തു ചേരൽ നടന്നതിൻ്റെ രണ്ടു ദിവസങ്ങൾക്കു ശേഷം ശ്രീകാര്യത്ത് വച്ച് വെട്ടേറ്റ ഗുണ്ട ശരത് ലാൽ ഓടിക്കയറിയത് ചേന്തി അനിയുടെ വീട്ടിലേക്കായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. 

തിരുവനന്തപുരം നഗരസഭയിലെ കോൺഗ്രസ് വാർഡ് കൗൺസിലർ സിനിയുടെ ഭർത്താവാണ് ചേന്തി അനി. നഗരസഭയിലെ ഒരു കൗൺസിലറെ  വധിക്കാൻ പദ്ധതിയെന്ന് സംശയമുള്ളതായും ഇൻ്റലിജൻസ് വ്യക്തമാക്കുന്നുണ്ട്.