സീതാറാം യെച്ചൂരി അടക്കമുളളവരെ പ്രതി ചേര്‍ത്തിട്ടില്ല: റിപ്പോർട്ടുകൾ തള്ളി ഡൽഹി പൊലീസ്

single-img
13 September 2020

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുളളവരെ പ്രതി ചേര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ തളളി ഡല്‍ഹി പൊലീസ് രംഗത്ത്. യെച്ചൂരിക്ക് പുറമേ  സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍ റോയി എന്നിവരെയും ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകൾ പ്രചരിച്ചത്. 

ഈ റിപ്പോർട്ടുകൾ തളളിയാണ് ഡല്‍ഹി പൊലീസ് രംഗത്തുവന്നത്. പ്രതിയുടെ മൊഴിയിലാണ് ഇവരുടെ പേരുകള്‍ ഉളളതെന്നും ഡല്‍ഹി പൊലീസ് വിശദീകരിക്കുന്നു.വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യെച്ചൂരി അടക്കമുളള നേതാക്കളെ പ്രതി ചേര്‍ത്തു എന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ രംഗത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

ഇവര്‍ സിഎഎ, എന്‍ആര്‍സി എന്നിവ മുസ്ലിം വിരുദ്ധമാണെന്ന് പ്രചരിപ്പിച്ച് കലാപത്തിന് പ്രോത്സാഹിപ്പിച്ചെന്നും കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചു എന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഡല്‍ഹി പൊലീസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. ഡല്‍ഹി പൊലീസിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള രാഷ്ട്രീയ ഇടപെടല്‍മൂലമുള്ളതാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.