വാരിയൻ കുന്നൻ സ്വാതന്ത്ര്യ സമര സേനാനിയല്ലെന്ന് കത്തോലിക്ക ബിഷപ്പ് കൗൺസിൽ

single-img
13 September 2020

മലബാര്‍ കലാപത്തിന്റെ മുന്‍നിരക്കാരനായിരുന്ന വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്വാതന്ത്ര്യ സമര സേനാനിയല്ലെന്ന് കേരള കത്തോലിക്ക ബിഷപ്പ് കൗൺസിൽ (കെസിബിസി). വാരിയൻ കുന്നനെക്കുറിച്ച് നാലു സിനിമകളാണ്‌ ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടത്‌. എന്നാല്‍, മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നോ എന്നകാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍ ജാഗ്രതാ ന്യൂസ്‌ ബുള്ളറ്റിനില്‍ വ്യക്തമാക്കി. 

മലബാർ കലാപം എന്നു പറയുന്നത് ജന്മിമാരുടെ ചൂഷണത്തിനെതിരായ കര്‍ഷക മുന്നേറ്റമായിരുന്നുവെന്നു വേണം കരുതാന്‍. വാരിയന്‍കുന്നത്ത്‌ തുര്‍ക്കിയിലെ ഖിലാഫത്ത്‌ പുനഃസ്‌ഥാപനത്തിനായി പടയ്‌ക്കിറങ്ങിയ ആളാണ്‌. ഖിലാഫത്തിനായുള്ള ഐക്യനിര ബ്രിട്ടീഷുകാര്‍ക്കെതിരേ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വാരിയന്‍കുന്നത്തിന്‌ സാധിച്ചു. അക്കാരണത്താല്‍ മലബാര്‍ കലാപം ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമെന്ന്‌ എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു. 

ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ഇനിയും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്‌. അതിനു മുമ്പ്‌ വാരിയന്‍കുന്നത്തിനെ സ്വാതന്ത്ര്യ സമരത്തിലെ സൂര്യതേജസായി ഉയര്‍ത്തിക്കാണിക്കുന്നത്‌ വിശ്വസനീയമാകുമോയെന്നും ബിഷപ്‌ ചോദിക്കുന്നു. 

കിസ്‌തുമതത്തെ അവഹേളിക്കുന്നവിധത്തില്‍ സമീപകാലത്തു പുറത്തിറങ്ങിയ സിനിമകള്‍ക്കു പിന്നില്‍ തീവ്ര സ്വഭാവമുള്ള “ഷാഡോ പ്രൊഡ്യൂസേഴ്‌സ്‌” പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറയുന്നു. ഇസ്ലാമിനെയും ഇസ്ലാമിക ജീവിതത്തെയും ഉദാത്തവല്‍ക്കരിച്ചും ക്രിസ്‌തുമതം ഉള്‍പ്പെടെയുള്ള ഇതരസമൂഹങ്ങളെ അപഹസിച്ചും അടുത്തകാലത്ത്‌ പല സിനിമകളുമുണ്ടായി. ഇവയ്‌ക്കെല്ലാം പിറകില്‍ ഷാഡോ പ്രൊഡ്യൂസേഴ്‌സ്‌ ഉണ്ടെന്നത്‌ വെറും സംശയമല്ലെന്നും ലേഖനരത്തിൽ വിശദീകരിക്കുന്നുണ്ട്. 

അടുത്തകാലത്തെ സംഭവ പരമ്പരകള്‍ അതാണു തെളിയിക്കുന്നതെന്നും ജാഗ്രതാ ന്യൂസ്‌ ബുള്ളറ്റിനിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലിം ലീഗ്‌ മതേതര വേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണ്‌. ഇക്കാലംവരെ പ്രത്യക്ഷത്തില്‍ അകറ്റിനിര്‍ത്തിയിരുന്ന തീവ്രവാദ ഗ്രൂപ്പുമായി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി ധാരണയുണ്ടാക്കിയത്‌ സ്വന്തം അണികളുടെ കൊഴിഞ്ഞുപോക്കിന്‌ തടയിടാനോ കൂടുതല്‍ രാഷ്‌ട്രീയ അധികാരം നേടാനോ ആകാമെന്ന ആരോപണവും ലേഖനത്തിൽ ഉയർത്തുന്നുണ്ട്. 

ഈ ഒരു വിഷയത്തിൽ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികളും ബുദ്ധിജീവികളും മൗനത്തിലാണ്‌. പ്രത്യക്ഷത്തില്‍ അഭിപ്രായഭിന്നതയുള്ളപ്പോഴും ഇവര്‍ക്കും തീവ്രവാദ പ്രസ്‌ഥാനങ്ങള്‍ക്കുമിടയില്‍ സജീവമായ അന്തര്‍ധാര നിലനില്‍ക്കുന്നതായും ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍ ആരോപിച്ചു.