വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആർഎസ്എസ് സൃഷ്ടിയെന്ന് സംസ്ഥാന ഇന്റലിജൻസ്; റിപ്പോർട്ട് സർക്കാരിന് നൽകി

single-img
12 September 2020

കോഴിക്കോട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ആർഎസ്എസ് സൃഷ്ടിയെന്ന് സംസ്ഥാന ഇന്റലിജൻസ്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന ഇന്റലിജൻസ് ബ്യൂറോ സർക്കാരിന് റിപ്പോർട്ട് നൽകി. പട്ടണത്തിലും ഗ്രാമപ്രദേശങ്ങളിലും പ്രചാരണം ലഭിക്കുന്ന ഈ കൂട്ടായ്മയെ നിയന്ത്രിക്കുന്നതും നിർദേശങ്ങൾ നൽകുന്നതും ആർഎസ്എസ്സിന്റെ പ്രത്യേക വിഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏകീകൃത പെൻഷനെന്ന ആശയത്തിലെ ജനകീയത മുതലെടുത്ത് തങ്ങളുടെ അജണ്ടകൾ നടപ്പിൽ വരുത്തുന്നതിനുള്ള ദീർഘകാലത്തേക്കുള്ള ശ്രമങ്ങളാണ് മൂവ്മെന്റിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. അതേസമയം, പൊതുസമൂഹത്തിൽ ആർഎസ്എസ്സുകാരെന്ന പരിവേഷമില്ലാത്തവരും ആ സംഘടനയിൽ ശക്തമായ വേരുള്ളവരുമായ ആളുകളാണ് ഒഐഒപിയെ നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒഐഒപി ആശയത്തോട് യോജിക്കുന്നവരെ ഏകോപിക്കാനും തുടർന്ന് ഹിഡ്ഡൻ അജണ്ടകൾ നടപ്പാക്കാനുമുള്ള പദ്ധതിയാണ് കോഴിക്കോട് വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റിന്റെ നീക്കത്തിന് പിന്നിൽ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

60 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും മാസത്തിൽ 10,000 രൂപ നിരക്കിൽ പെൻഷൻ നൽകുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി, സർക്കാർ ജീവനക്കാരുടെ പെൻഷൻ പതിനായിരത്തിൽ പരിമിതപ്പെടുത്തണമെന്നാണ് മൂവ്മെന്റിന്റെ പ്രധാന വാദം.