പ്രതിഷേധ മഴയില്ല; നല്ല കാലാവസ്ഥയിൽ ചോറൂണ് നടത്തി മന്ത്രി ജലീൽ; ജലീല്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് കടകംപള്ളി

single-img
12 September 2020

മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ സംസ്ഥാനമൊട്ടാകെ സംഘർഷമുയർത്തുമ്പോൾ വളാഞ്ചേരിയിലെ വീട്ടിൽ മന്ത്രി ജലീൽ തിരക്കിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണു ചോദ്യം ചെയ്യലിനു ശേഷം മന്ത്രി വളാഞ്ചേരിയിലെ വീടായ ‘ഗസലി’ൽ എത്തിയത്. ശനിയാഴ്ച രാവിലെ അയൽവാസിയായ രഞ്ജിത്തിന്റെ മകന്റെ ചോറൂൺ ചടങ്ങു മന്ത്രിയുടെ സാന്നിധ്യത്തിൽ വീട്ടിൽ നടന്നു. പുറത്തെ കാലാവസ്ഥ വീട്ടുകാർ ആരും അറിയുന്നുണ്ടായിരുന്നില്ല. ‘സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല’ എന്ന് മന്ത്രി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.

നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് ചോദ്യം ചെയ്തതിനു പിന്നാലെയാണു പ്രതിപക്ഷ കക്ഷികളുടെ പ്രക്ഷോഭം ഉണ്ടായത്.

അതേസമയം, അനാവശ്യമായ സംഘർഷമാണ്‌ പ്രതിപക്ഷ പാർട്ടികൾ സംസ്‌ഥാനത്ത് ഉണ്ടാക്കുന്നതെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്തിനാണവർ സമരം നടത്തി കോവിഡ്‌ പരത്തുന്നത് എന്ന് അദ്ദേഹം ആരാഞ്ഞു‌.

മന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ ചോദിക്കുന്നതിൽ തെറ്റായി ഒന്നും ഇല്ല. ഇഡി ചോദ്യം ചെയ്തതിന്റെ പേരില്‍ മന്ത്രി ജലീല്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.’മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മണിക്കൂറുകളോളം അന്വേഷണ ഏജൻസികൾ ഇവിടെ ചോദ്യം ചെയ്‌തിട്ടില്ലേ. അന്ന്‌ ആരെങ്കിലും രാജിവെച്ചിരുന്നോ? ജലീലിനോട്‌ ചില കാര്യങ്ങൾ ഇ ഡി ചോദിച്ചറിയുക മാത്രമാണ്‌ നടന്നിട്ടുള്ളത്‌. അതിന്‌ ഇത്രമാത്രം പ്രശ്‌നങ്ങൾ ഉണ്ടാക്കേണ്ട കാര്യമുണ്ടോ’യെന്നും കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു.