‘പീടിക ബസ്’ ആയി മാറാൻ ഇനി ആനവണ്ടികൾ; വാടക 12 ലക്ഷം

single-img
12 September 2020

ഉപയോഗശൂന്യമായ ബസുകള്‍ കടകളാക്കുന്ന കെഎസ്ആര്‍ടിസിയുടെ ബസ് ഷോപ്പ് പദ്ധതി ആലപ്പുഴ ജില്ലയില്‍ വരുന്നു. അമ്പലപ്പുഴയില്‍ ആദ്യ ‘പീടിക ബസ്’ ആരംഭിക്കും. അമ്പലപ്പുഴ ഡിപ്പോയിലെ സ്ഥലവും, സൗകര്യങ്ങളുമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്.

ഉപയോഗശൂന്യമായ ബസ്, ഷോപ്പാക്കി മാറ്റാന്‍ രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഷോപ്പിന്റെ മാതൃകയില്‍ രൂപഭേദം വരുത്തുന്ന ബസാണ് ലേലത്തില്‍ പിടിക്കുന്ന വ്യക്തിക്ക് ലേലത്തിന് നല്‍കുക. ‘പീടിക ബസ്’ അഞ്ച് വര്‍ഷത്തേക്കാണ് ലേലത്തിന് നല്‍കുക.

നിലവില്‍ കാലാവധി കഴിഞ്ഞ ഒരു ബസ് ആക്രിക്കാരന് വിറ്റാൽ 1.5 ലക്ഷം രൂപയാണ് ലഭിക്കുന്നത്. എന്നാല്‍ ഷോപ്പ് ബസിന് 5 വര്‍ഷത്തെ വാടക മാത്രമായി 12 ലക്ഷം രൂപ ലഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷവും ഷോപ് ഉപയോഗിക്കാനാവുമെന്നാണ് അധികൃതരുടെ അഭിപ്രായം.

കർണാടകയിലും സർക്കാർ നിയന്ത്രണത്തിലുള്ള പഴയ വാഹനങ്ങൾ ആക്രിക്ക് നൽകാതെ ശുചിമുറികളായി മാറ്റി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു. ഒൻപതു ലക്ഷം കിലോമീറ്റർ സവാരി പൂർത്തിയാക്കിയ വാഹനങ്ങളാണ് ഇത്തരത്തിൽ രൂപമാറ്റം വരുത്തി ഉപയോഗിക്കുക.