സംരക്ഷണം ബിജെപിയിലൂടെ: കങ്കണയും കുടുംബവും ബിജെപിയിൽ ചേരാനൊരുങ്ങുന്നു

single-img
12 September 2020

ബോളിവുഡ് നടി കങ്കണ റണൗത്തും കുടുംബവും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ. പാക് അധീന കശ്മീരിനോട് ഉപമിച്ചതിന് പിന്നാലെ മുംബൈയില്‍ ശിവസേനയുമായി ശക്തമായ പോര് തുടരുന്ന കങ്കണ സുരക്ഷയുടെ ഭാഗമായാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. ബാന്ദ്രയിലെ കങ്കണയുടെ ഓഫീസ് മുംബൈ നഗരസഭാ വിഭാഗം പൊളിച്ചതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരും മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുമായി കങ്കണ പരസ്യ വാക് യുദ്ധത്തിൽ ഏർപ്പെട്ടത് വാർത്തയായിരുന്നു. 

തുറന്ന യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ നടിയുടെ സംരക്ഷണം എന്ന നിലയില്‍ ഇവര്‍ ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് ടെെംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നത്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വേരുകളില്‍ ഉറച്ചു നിന്ന കങ്കണയുടെ കുടുംബം പുതിയ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ ബിജെപി നേതാക്കള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു. 

ശിവസേനയുമായുള്ള പ്രശ്‌നത്തില്‍ നടിക്ക് പിന്തുണ നല്‍കുന്നതില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നന്ദി അറിയിച്ചുകൊണ്ട് കങ്കണയുടെ മാതാവ് ഹിമാചല്‍ പ്രദേശില്‍ നിന്നും പുറത്തുവിട്ട വീഡിയോ സന്ദേശമാണ് ഇത്തരമൊരു ഊഹാപോഹം പ്രചരിപ്പിച്ചിരിക്കുന്നത്. കങ്കണയുടെ കുടുംബത്തിലുള്ളവരെല്ലാം ബിജെപിയിലേക്ക് മാറിയേക്കും എന്നാണ് ടെെംസ് റിപ്പോർട്ട് ചെയ്യുന്നത്. 

കങ്കണയുടെ മാതാവും മുന്‍ സംസ്‌കൃതം അദ്ധ്യാപികയുമായ ആഷ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും നന്ദി പറയുന്നതിന്റെ വീഡിയോ ആണ് പുറത്തു വന്നിട്ടുള്ളത്. തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്ന് അറിഞ്ഞിട്ടും ഒപ്പം നിന്നതിന് നന്ദിയെന്ന് ആഷ പറയുന്നു. കങ്കണയുടെ മുത്തച്ഛന്‍ സര്‍ജു റാം മാണ്ഡി ജില്ലയിലെ ഗോപാല്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ എംഎല്‍എ ആയിരുന്നയാളാണ്.

”കങ്കണയ്ക്ക് നല്‍കുന്ന സുരക്ഷയിലും ഞങ്ങളെ പിന്തുണയ്ക്കുന്നതിലും പ്രധാനമന്ത്രി അമിത്ഷായ്ക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ഹിമാചല്‍ മുഖ്യമന്ത്രി ജെയ് റാം താക്കൂറിനും നന്ദി പറയുന്നു. മകള്‍ക്ക് സംരക്ഷണ നല്‍കേണ്ട സര്‍ക്കാര്‍ അത് നല്‍കാതിരിക്കുമ്പോള്‍ അവള്‍ക്ക് മുംബൈയില്‍ എന്താണ് സംഭവിക്കുമെന്ന് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല.”- ആഷ പറയുന്നു. 

 ബാന്ദ്രയിലെ ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് കങ്കണയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് വ്യാഴാഴ്ച നടന്ന ബിജെപി റാലിയില്‍ കങ്കണയുടെ കുടുംബവും പങ്കെടുത്തിരുന്നു. ഇതും പുതിയ സൂചനകൾക്ക് ശക്തി പകരുന്നുണ്ട്.  

കങ്കണയും കുടുംബവും ബിജെപിയില്‍ ചേര്‍ന്നതിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ബിജെപി ഹിമാചല്‍ യൂണിറ്റ് കങ്കണയ്ക്കായി കാത്തിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ പറയുന്നത്. ശിവസേനയ്‌ക്കെതിരേ ദൃഡമായി നില്‍ക്കുന്നതിന് മകള്‍ക്ക് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണ ലഭിക്കുന്നത് കാണുമ്പോള്‍ ഏറെ ആഹ്ളാദം തോന്നുന്നെന്നും കങ്കണയുടെ അമ്മ പറയുന്നു.അടുത്തിടെയായി ട്വിറ്ററില്‍ സജീവിമാണ്. കഴിഞ്ഞമാസം ഇവര്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും എതിരേ അനേകം ട്വീറ്റുകളാണ് ഇട്ടിരിക്കുന്നത്.