കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുന്നത് വരെ ജാഗ്രത തുടരണം: പ്രധാനമന്ത്രി

single-img
12 September 2020

ലോകമാകെ ഭീതി പടര്‍ത്തുന്ന കോവിഡ് 19 വൈറസ് വ്യാപനത്തില്‍ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുന്നത് വരെ ജാഗ്രത തുടരണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം മധ്യപ്രദേശില്‍ നിര്‍മ്മിച്ച വീടുകളുടെ ഗൃഹപ്രവേശന ചടങ്ങ് ഓണ്‍ലൈനിലുടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയില്‍ മാത്രം നിലവില്‍ ഏഴോളം മരുന്ന് കമ്പനികള്‍ കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങളിലാണ്. ഇതില്‍ ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, സൈഡസ് കാഡില, പനാസിയ ബയോടെക്, ഇന്ത്യന്‍ ഇമ്മ്യൂണളോജിക്കല്‍സ്, മിന്‍വാക്‌സ്, ബയോളജിക്കല്‍ ഇ തുടങ്ങിയ സ്ഥാപനങ്ങളാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നത്. ഇതില്‍ കോവാക്‌സിന്‍റെ മൃഗങ്ങളിലെ പരീക്ഷണം വിജയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പരീക്ഷണത്തിന് വിധേയനാകുന്ന വ്യക്തിയില്‍ നാഡീസംബന്ധമായ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനാല്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരീക്ഷണങ്ങള്‍ നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിന് സമാന്തരമായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുത്തിരിക്കുകയാണ്.