ഭക്ഷണം ഓർഡർ ചെയ്താൽ ‘ബോഡി ഷോ’ ഫ്രീ; കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ വ്യത്യസ്ത മാര്‍ഗവുമായി റെസ്റ്റോറന്റ്

single-img
12 September 2020

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വ്യത്യസ്ത മാര്‍ഗവുമായി ഒരു റെസ്റ്റോറന്റ്. ഇവിടെ നിന്നും ഭക്ഷണം ഓർഡർ ചെയ്താൽ ലഭിക്കുന്നത് ഭക്ഷണം മാത്രമല്ല; അൽപം മസിൽ പ്രകടനം കാണാനും അവസരമുണ്ടാകും.​ ജപ്പാനില്‍ ബിസിനസിന് ഡിമാൻഡ് കൂട്ടാൻ ഓൺലൈൻ ഭക്ഷണ ഡെലിവറിക്കായി ഷർട്ട് ധരിക്കാത്ത ബോഡി ബിൽഡർമാരെ നിയമിച്ചിരിക്കുകയാണ് പ്രശസ്തമായ ഒരു സുഷി റെസ്റ്റോറന്റ് .

ഓണ്‍ലൈനില്‍ ‘ഡെലിവറി മാക്കോ’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഭക്ഷണശാലയുടെ നടത്തിപ്പുകാരൻ ഒരു ബോഡി ബിൽഡർ ആണെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ജപ്പാനിലെ അഞ്ചോയിൽ പ്രവര്‍ത്തിക്കുന്ന അറുപതു വർഷത്തെ പാരമ്പര്യമുള്ള സുഷി റെസ്റ്റോറന്റ് ആയ ‘ഇമാസുഷി’യുടെ ഉടമ മസാനോറി സുഗ്യൂറ പരീക്ഷിച്ച ഈ തന്ത്രം അതിന്റെ പുതുമകൊണ്ടു തന്നെ മാധ്യമങ്ങളിൽ ഇടം നേടുകയും ചെയ്തു. ദിവസേന പത്തു ലക്ഷം ഡോളറിന്റെ കച്ചവടം നടക്കുന്ന ഇമാസുഷിയിൽ കൊവിഡ് കാലത്ത് വൻ ഇടിവുണ്ടായതിനെ തുടർന്നാണ് പുതിയ ആശയം രൂപീകരിച്ചത്.

വീടുകളിലേക്കുള്ള ഓൺലൈൻ ഓർഡറുകളുടെ ഹോം ഡെലിവെറിക്കായി അദ്ദേഹം നേരിട്ട് അഭിമുഖം നടത്തി അരഡസൻ ബോഡി ബിൽഡർമാരെ നിയമിക്കുകയായിരുന്നു. അതുവഴി സ്വാദിഷ്ടമായ സുഷി വിഭവങ്ങൾ വീട്ടിലെത്തുന്നതോടൊപ്പം കസ്റ്റമേഴ്സിന് സൗജന്യമായി ബോഡി ഷോയും കാണാന്‍ അവസരമായി. വീടുകളുടെ ഡോറില്‍ ചെന്ന് മുട്ടുന്ന ബിൽഡർമാർ ഭക്ഷണം കസ്റ്റമറുടെ കൈയ്യിൽ കൊടുക്കും. അതിന് ശേഷം തങ്ങൾ ഓഫർ ചെയ്യുന്ന അധിക സേവനത്തെക്കുറിച്ച് അവരോട് പറയുകയും ചെയ്യും.

അത് കേട്ടശേഷം അവരുടെ സമ്മതത്തോടെ മേൽവസ്ത്രം ഊരിമാറ്റി തങ്ങളുടെ ആകര്‍ഷകമായ ശരീരസൗന്ദര്യം പല പോസുകളിൽ നിന്ന് അവർക്കു മുന്നിൽ പ്രദർശിപ്പിക്കാന്‍ തുടങ്ങും . ഒരു കാര്യം ശ്രദ്ധിക്കണം, മാക്കോ പടയുടെ ഈ സേവനം ലഭ്യമാകണമെങ്കിൽ കുറഞ്ഞത് 7000 യെന്നിന്റെ (ഏകദേശം 4826 രൂപ) ഓർഡർ നല്‍കണം.