കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയിൽ 64 ലക്ഷം പേർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നിരിക്കാം: വെളിപ്പെടുത്തലുമായി സിറോ സർവേ റിപ്പോർട്ട്

single-img
12 September 2020

കഴിഞ്ഞ മേയ് മാസത്തിൽ ഇന്ത്യയിലാകെ കൊവിഡ് ബാധിച്ച 64 ലക്ഷം പേർ ഉണ്ടായിരുന്നിരിക്കാം എന്നു വെളിപ്പെടുത്തി  ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ. കൊറോണ വെെറസ് ബാധ സംബന്ധിച്ച ആദ്യത്തെ സിറോ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. മേയ് 11മുതൽ ജൂൺ 4 വരെ 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ ശാസ്‌ത്രജ്ഞരുടെ മേൽനോട്ടത്തിലാണ് സർവേ നടത്തിയത്. പഠന റിപ്പോ‌ർട്ട് വ്യാഴാഴ്ച കൗൺസിൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുമ്പോൾ 82 മുതൽ 130 വരെ പേരുടെ വൈറസ് ബാധ കണ്ടുപിടിക്കപ്പെടാതെ പോയെന്നാണ് സർവേയിൽ ചൂണ്ടിക്കാണിക്കുന്നത്. 18 – 45 വയസുള്ള 43.3 ശതമാനത്തിനും 46 – 60 വയസുള്ള 39.5 ശതമാനത്തിനും 60വയസിന് മുകളിലുള്ള 17.2 ശതമാനത്തിലും രോഗം വന്നിട്ടുണ്ടാകുമെന്നാണ് സർവേ റിപ്പോർട്ട്. 700 ക്ലസ്റ്ററുകളിൽ നിന്ന് നാല് വിഭാഗങ്ങളിലായി 30,283 വീടുകൾ സന്ദർശിച്ച സർവേ സംഘം 28,000 സാംപിളുകളാണ് പരിശോധിച്ചത്. 

സർവേയിൽ പങ്കെടുത്തവരിൽ 51.5 ശതമാനവും സ്ത്രീകളാണ്.ഡൽഹിയിൽ താമസിക്കുന്ന മൂന്നിലൊന്ന് പേർക്കും കൊവിഡ് ബാധയുണ്ടായെന്നും ഇവരുടെ ശരീരത്തിൽ ആന്റിബോഡി സാന്നിദ്ധ്യമുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ സിറോ സർവേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. രോഗം ബാധിച്ച് രണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ ശരീരത്തിൽ ഉണ്ടാകുന്ന ആന്റിബോഡിയെ കണ്ടെത്താനുള്ള രക്തപരിശോധനയാണ് സിറോളജി സർവേയിൽ നടത്തുന്നത്.