കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം; യുഡിഎഫിനും എല്‍ഡിഎഫിനും ജനവികാരം മനസ്സിലാകുന്നില്ലെന്ന് കെ സുരേന്ദ്രന്‍

single-img
11 September 2020

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വെക്കാനുള്ള സര്‍വകക്ഷി യോഗത്തിലെ ധാരണയെ ബിജെപി എതിര്‍ത്തു. കോവിഡ് മാറിയിട്ട് തെരഞ്ഞെടുപ്പ് നടത്താമെന്നത് വ്യാമോഹം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫിനും എല്‍ഡിഎഫിനും ജനങ്ങളുടെ വികാരം എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുക്തിരഹിതമായ ഒരു വാദം ഉന്നയിച്ചു. മുഖ്യമന്ത്രി അതിനോട് തത്ത്വത്തിൽ യോജിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡിസംബറിലോ ജനുവരിയിലോ തെരഞ്ഞെടുപ്പ് നടത്താമെന്ന് പറയുന്നത് പ്രായോഗികമല്ല. 65 വയസ്സു കഴിഞ്ഞ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റുമെന്ന് ഉറപ്പില്ല. സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കുറയുമെന്നും എന്താണ് ഉറപ്പുള്ളതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു.

ഇപ്പോള്‍ തന്നെ പഞ്ചായത്തുകളുടെ വികസനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ട് യുഡിഎഫും എല്‍ഡിഎഫും പുറത്തൊരു ധാരണയിലെത്തിയശേഷമാണ് സര്‍വകക്ഷിയോഗത്തിനെത്തിയത് എന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു . തദ്ദേശതെരഞ്ഞെടുപ്പിന് തന്റെ പാര്‍ട്ടി സജ്ജമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.