അര്‍ണാബ് ഗോസ്വാമിക്ക് മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള മികവിന് ചെരിപ്പ് അവാർഡുമായി കുനാല്‍ കമ്രയും അനുരാഗ് കശ്യപും

single-img
11 September 2020

ഫ്രെയിം ചെയ്ത ചെരിപ്പുകളുമായി റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിയ്ക്ക് മികച്ച മാധ്യമ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിനുള്ള അവര്‍ഡ് നല്‍കാൻ ഒരുങ്ങി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയും സംവിധായകന്‍ അനുരാഗ് കശ്യപും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു, ഭാവിയിൽ ഒരുപാട് മാറ്റമുണ്ടാകും. എന്നാൽ ഒരു കാര്യം സ്ഥിരമായി നിലനിൽക്കുന്നുണ്ടെങ്കിൽ, അത് അർനബ് ഗോസ്വാമിയോടുള്ള കുനാൽ കമ്രയുടെ വികാരമാണ്. ആശയവിനിമയം നടത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും. അങ്ങനെയാണ് അര്‍ണാബ് ഗോസ്വാമിയെ കാണാനുള്ള നീക്കവുമായി കുനാൽ കമ്ര പുറപ്പെട്ടത്.

പിറന്നാളുകാരന്‍ അനുരാഗ് കശ്യപിനൊപ്പമാണ് താന്‍ പോയതെന്നും എന്നാല്‍ ചെന്നപ്പോള്‍ അനുവാദമില്ലാതെ കയറ്റാന്‍ അനുവദിക്കില്ലെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതായും കുനാല്‍ കമ്ര ഫേസ്ബുക്കില്‍ കുറിച്ചു. കുനാല്‍ കമ്രയുടെ പോസ്റ്റ് ഇങ്ങനെ;

‘ പിറന്നാളുകാരന്‍ അനുരാഗ് കശ്യപിനൊപ്പം മികച്ച മാധ്യമ പ്രവര്‍ത്തനം നടത്തുന്ന അര്‍ണബ് ഗോസ്വാമിയ്ക്ക് ഒരു അവാര്‍ഡ് നല്‍കാനായി റിപ്പബ്ലിക്കിന്റെ ഓഫീസില്‍ ചെന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞത് അനുവാദമില്ലാതെ അനുമതി തരില്ലെന്നാണ്,’ കുനാല്‍ കമ്ര പോസ്റ്റ് ചെയ്തു. ഇരുവരും റിപ്പബ്ലിക് ഓഫീസിന്റെ മുന്നില്‍ നിന്നും ചെരിപ്പ് പിടിച്ച് നില്‍ക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇരുവരുടെയും കയ്യിലുള്ള ഫ്രെയിം ചെയ്ത് വെച്ച ചെരിപ്പുകള്‍ക്ക് താഴെ ‘അവാര്‍ഡെഡ് ടു അര്‍ണാബ് ഗോസ്വാമി, ഇന്‍ ഹിസ് എക്‌സലന്‍സ് ഓഫ് ജേര്‍ണലിസം’ എന്ന് ഇരുവരുടെയും പേരുകളോടെ കുറിച്ച് വെച്ചിട്ടുണ്ടായിരുന്നു. അര്‍ണാബ് ഗോസ്വാമിക്കെതിരെ നിരന്തരമായി പ്രതിഷേധങ്ങളാണ് ദിനവും ഉയര്‍ന്നു വരുന്നത്. സുനന്ദാ പുഷ്‌കറിന്റെ മരണവുമായി റിപ്പബ്ലിക് ചാനല്‍ വഴി നടത്തുന്ന അധിക്ഷേപ കരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി അര്‍ണാബിനോട് പറഞ്ഞിരുന്നു.

സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിയ്ക്കെതിരായ മാധ്യമവിചാരണയില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൂട്ടമായി രാജിവെച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരായ ശാന്തശ്രീ സര്‍ക്കാര്‍, തേജീന്ദര്‍ സിംഗ് സോധി എന്നിവരാണ് രാജിവെച്ചത്. റിപ്പബ്ലികില്‍ നിന്നും രാജിവെച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തിരുന്നു. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെതിരെ മൊഴി നല്‍കാന്‍ സുനന്ദയുടെ പിതാവിനെ നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് റിപ്പബ്ലിക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത്.