കൂടെ നിന്നവരോട് നന്ദി പറയുന്നുവെന്ന് അലനും താഹയും; ഇരുവരും ജയിലില്‍ നിന്ന് പുറത്തിറങ്ങി

single-img
11 September 2020

കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ. കേസില്‍ ജാമ്യം ലഭിച്ച അലനും താഹയും ജയിലില്‍ നിന്ന് പുറത്തിറങ്ങി. പത്തു മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഇരുവരും ജയില്‍ മോചിതരായത്. ഇരുവരേയും ബന്ധുക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടിയാണ് ജാമ്യ ഉത്തരവുമായി അലന്റെ മാതാവും അഭിഭാഷകനും ഉള്‍പ്പടെയുളളവര്‍ അതീവസുരക്ഷാ ജയിലില്‍ എത്തിയത്. രേഖകള്‍ ജയിലില്‍ ഹാജരാക്കി അര മണിക്കൂറിനുളളില്‍ ഇരുവരും പുറത്തിറങ്ങി. ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കൂടെ നിന്നവരോട് നന്ദി പറയുന്നുവെന്നും ഇരുവരും അറിയിച്ചു.

പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസിൽ വിദ്യാർത്ഥികളായ അലൻ ശുഹൈബിനും താഹ ഫസലിനും കർശന ഉപാധികളോടെയാണ് എൻഐഎ കോടതി 10 മാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട് കെട്ടിവയ്ക്കണം , മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം, ഒരുലക്ഷം രൂപ ബോണ്ട് തുടങ്ങിയവയാണ് ഉപാധികൾ.

പത്തുമാസത്തിലേറെയായി ജയിലിലാണെന്നും മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ എൻഐഎയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നുമാണ് ഇവർ കോടതിയെ അറിയിച്ചിരുന്നു. 2019 നവംബർ ഒന്നിനാണു പന്തീരാങ്കാവ് പോലീസ് അലൻ, താഹ എന്നിവരെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ആശയ പ്രചാരണ വസ്തുക്കൾ ഇവരിൽ നിന്നും പിടിച്ചെടുത്തതോടെ യുഎപിഎ ചുമത്തി കേസന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

കണ്ണൂർ പാലയാട്ടെ സർവകലാശാല കാമ്പസ് നിയമ വിദ്യാർത്ഥി കോഴിക്കോട് സ്വദേശി അലൻ ഷുഹൈബ് (20), കണ്ണൂർ സ്‌കൂൾ ഓഫ് ജേർണലിസം വിദ്യാർത്ഥി ഒളവണ്ണ സ്വദേശി താഹ ഫസൽ (24) എന്നിവരെ 2019 നവംബർ ഒന്നിനാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരുടെയും വീടുകളിൽ നടത്തിയ റെയ്ഡിനെ തുടർന്നായിരുന്നു അറസ്റ്റ്.

വീടുകളിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖകൾ, ബാനർ എന്നിവ കണ്ടെടുത്തെന്നും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ ഇവർ പിടികൂടിയപ്പോൾ മുഴക്കി എന്നുമായിരുന്നു പൊലീസ് അറിയിച്ചത്. തുടർന്ന് എൻഐഐ കേസ് ഏറ്റെടുക്കുകയായിരുന്നു. 2020 ഏപ്രിൽ 27ന് കുറ്റപത്രം സമർപ്പിച്ചിരുന്നു.