പബ്ജി തിരിച്ചുവരുമോ? പബ്ജി കോര്‍പ്പറേഷന്‍ നൽകുന്ന സൂചനകൾ ഇങ്ങനെ

single-img
10 September 2020

ഏവരുടെയും പ്രിയപ്പെട്ട ബാറ്റില്‍ റോയേല്‍ ഗെയിമായ പബ്ജി മൊബൈലിന്റെ ഇന്ത്യയിലെ നിരോധനം നീക്കി കിട്ടാനുള്ള ശ്രമത്തിലാണ് പബ്ജി കോര്‍പറേഷന്‍. അത്കൊണ്ട് തന്നെ ചൈനീസ് ഗെയിമിങ് കമ്പനിയായ ടെന്‍സെന്റുമായുള്ള ബന്ധം ഒഴിവാക്കാനും പകരം ഇന്ത്യയില്‍ നിന്ന് തന്നെയുള്ള ഗെയിമിങ് കമ്പനികളുമായി സഹകരിക്കാനും തയ്യാറായിരിക്കുകയാണ് പബ്ജി കോര്‍പ്പറേഷന്‍.

എന്നാല്‍, ചൈനീസ് ബന്ധം ഒഴിവാക്കിയാലും സമീപഭാവിയില്‍ ഉടനൊന്നും പബ്ജി മൊബൈലിന്റെ നിരോധനം നീക്കിയേക്കില്ല എന്ന സൂചന നല്‍കിയിരിക്കുകയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം.

ഉടമസ്ഥാവകാശം തീര്‍ച്ചയായും പ്രശ്‌നങ്ങളില്‍ ഒന്ന് തന്നെയാണ്. എന്നാൽ അത് മാത്രമല്ല നിലവിലെ പ്രശ്‌നം. ഉപയോക്താക്കളുടെ ഡാറ്റ എങ്ങനെ, എവിടെ ശേഖരിക്കുന്നു, അവ എങ്ങനെ കൈകാര്യം ചെയ്യുന്നു, വ്യക്തി വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ തുടങ്ങി 70 ഓളം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത ഉദ്യേഗസ്ഥന്റെ വാക്കുകള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ ജൂണില്‍ ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് സെപ്റ്റംബര്‍ രണ്ടിന് പബ്ജി മൊബൈല്‍ ഉള്‍പ്പെടെ 118 ആപ്ലിക്കേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന് കാണിച്ചാണ് നിരോധനം. ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളും നിരോധനത്തിന് കാരണമാണ്.