പീലി മോളെ വീട്ടിലേക്ക് ക്ഷണിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

single-img
10 September 2020

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ക്ഷണിക്കാത്തതിൽ വാശിപിടിച്ച് കരഞ്ഞ നാലു വയസുകാരി പീലിയെന്ന ദുവയെ കുടുംബസമേതം വീട്ടിലേക്ക് ക്ഷണിച്ച് താരം. വാശിപിടിച്ച് കരയുന്ന പീലി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ആ കുട്ടി ഏതെന്ന ചോദ്യവുമായി സാക്ഷാൽ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെയാണ് കൊവിഡ് അൽപ്പം കുറഞ്ഞാൽ കുടുംബസമേതം കാണാമെന്ന മമ്മൂട്ടിയുടെ ഉറപ്പ് പീലിയുടെ കുടുംബത്തിന് ലഭിച്ചത്.

മലപ്പുറം പെരിന്തൽമണയിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ പ്രസിഡന്റായ തിരൂർക്കാട് സ്വദേശി ഹമീദലി പുന്നക്കാടന്റേയും സജിലയുടെയും മകളാണ് പീലി. മമ്മൂട്ടിയുടെ ജന്മദിനമെന്ന് വീട്ടിൽ പറഞ്ഞപ്പോഴാണ് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കുഞ്ഞു പീലി പൊട്ടിക്കരഞ്ഞത്. അച്ഛൻ ഫാൻസ് അസോസിയേഷൻ പ്രസിഡന്റായതിനാൽ തന്നെ മമ്മൂട്ടിയുടെ വിശേഷങ്ങളും സിനിമകളും വീട്ടിൽ എപ്പോഴും ചർച്ചയും ആഘോഷവും ആണ്. അങ്ങനെ പീലിമോൾക്ക്‌ മമ്മൂക്ക പ്രിയപ്പെട്ട ആളാണ്. പീലി വാശി പിടിച്ച് കരയുന്ന വീഡിയോ മമ്മൂട്ടി തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.