ഹോമിയോ പ്രതിരോധ മരുന്ന കഴിച്ചവരില്‍ കോവിഡ് ഭേദമായെന്നു പറയുമ്പോൾ ഐഎംഎ അസ്വസ്തരാകുന്നത് എന്തിന്?: 11ന് പ്രതിഷേധ ദിനം ആചരിച്ച് ഹോമിയോ ഡോക്ടർമാർ

single-img
10 September 2020

ഹോമിയോ പ്രതിരോധ മരുന്ന കഴിച്ചവരില്‍ കോവിഡ് ഭേദമായെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമര്‍ശത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതുസംബന്ധിച്ച വിമർശനവും ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഹോമിയോ ഡോക്ടര്‍മാരെ അപമാനിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹോമിയോ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

സെപ്റ്റംബര്‍ 11ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഹോമിയോപതിക് യുണൈറ്റഡ് മൂവ്‌മെന്റ് അറിയിച്ചു. ഐഎംഎയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നും മെഡിക്കല്‍ നൈതിക പുലര്‍ത്തണമെന്നും ഹോമിയോപതിക് യുണൈറ്റഡ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 11ന് ഹോമിയോ ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് ഡ്യൂട്ടിക്ക് എത്തും. 

കോവിഡ് സെന്ററുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ അന്നേദിവസം ഒരു മണിക്കൂര്‍ അധിക സമയം ഡ്യൂട്ടി ചെയ്തുകൊണ്ട് പ്രതിഷേധിക്കും. സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളുടെ ഒ പി സമയം അന്നേദിവസം ഒരുമണിക്കൂര്‍ അധികം പ്രവര്‍ത്തിക്കും എന്നും എച്ച് യു എം അറിയിച്ചു. 

കോഴിക്കോട് സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യവെ ആരോഗ്യമന്ത്രി നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് തുടക്കമിട്ടത്. ഹോമിയോ മരുന്ന് കഴിച്ചവരില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ രോഗം വന്നിട്ടുള്ളു, ഇവര്‍ക്ക് വളരെ പെട്ടെന്ന് രോഗം മാറിയെന്നും മന്ത്രി പറഞ്ഞു. ഹോമിയോ വകുപ്പിലെ പത്തനംതിട്ട ഡി എം ഒയും ചലച്ചിത്ര സംവിധായകനുമായ ഡോ. ബിജു നടത്തിയ പഠനം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. 

ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശവനവുമായി ഐഎംഎ രംഗത്തെത്തി. ആരോഗ്യമന്ത്രിയുടേത് തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണെന്നും ശാസ്ത്രീയമായ അടിത്തറയില്ലാതെ നടത്തുന്ന പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ഐഎംഎ പറഞ്ഞു. ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തെറ്റായ പ്രസ്താവന നടത്തരുതെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞിരുന്നു.