ഒന്നുകിൽ ജോസഫ് യുഡിഎഫ് വിട്ട് ബിജെപി മുന്നണിയിലേക്ക്, അല്ലെങ്കിൽ പിസി തോമസ് ബിജെപി വിട്ട് യുഡിഎഫിലേക്ക്: കേരള കോൺഗ്രസിലെ ചർച്ചകൾ ഇങ്ങനെ

single-img
10 September 2020

കേരള രാഷ്ട്രയത്തിലെ കേരള കോൺഗ്രസ് വിഭാഗം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില ചിഹ്നവും പേരും ജോസ് വിഭാഗത്തിന് നൽകിയതോടെ വെട്ടിലായ ജോസഫ് വിഭാഗം പുതിയ നീക്കങ്ങൾ നടത്തുന്നതായാണ് പുറത്തു വരുന്ന വിവരം. ചിഹ്നം ജോസിന് നൽകിയ നടപടിക്ക് എതിരെ നിയമപരമായി ഹൈക്കോടതിയെ സമീപിച്ചതിന് പുറമേയാണ് ജോസഫ് വിഭാഗം നേതാക്കൾ രാഷ്ട്രീയ നീക്കങ്ങളും സജീവമാക്കുന്നതെന്നു കേരള കൗമുദി റിപ്പോർട്ടു ചെയ്യുന്നു. 

അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് പിസി തോമസ് വിഭാഗമാണ്. അവരാണെങ്കിൽ എൻ.ഡി.എയിലുമാണ്. സ്ഥിതിഗതികൾ ഇങ്ങനെയിരിക്കേ പി.സി തോമസ് വിഭാഗവുമായി ഒന്നിച്ച് യഥാർത്ഥ കേരള കോൺഗ്രദ് ആകുവാനാണ് പിജെ ജോസഫിൻ്റെ നീക്കമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

നിലവിലെ പേരും ചിഹ്നവും നഷ്‌ടപ്പെട്ടത് ജോസഫിനെ സംബന്ധിച്ച് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. യഥാർത്ഥ കേരള കോൺഗ്രസെന്ന പേര് സ്വന്തമാക്കി  ക്ഷീണം വീണ്ടെടുക്കുകയാണ് പി.ജെ ജോസഫിൻ്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗത്തിലെ നേതാക്കളും പി.സി തോമസും തമ്മിൽ അനൗദ്യോഗിക ചർച്ചകളും നടന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അതേസമയം മുന്നണി മാറ്റമാണ് നേതാക്കളെ കുഴ‌യ്‌ക്കുന്ന പ്രധാന വിഷയം. പി.ജെ ജോസഫിനോട് എൻ.ഡി.എയിലേക്ക് വരാനാണ് പി.സി തോമസ് പറയുന്നത്. എദന്നാൽ ജോസഫിനും കൂട്ടർക്കും ഇതു സമ്മതമല്ല. പിസി തോമസിനോട് യുഡിഎഫിലേക്ക് വരാനാണ് ജോസഫ് വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ എൻ.ഡി.എ വിട്ട് യു.ഡി.എഫിലേക്ക് ചേക്കേറാൻ അദ്ദേഹവും ഒരുക്കമല്ല. 

ഈ ഒരു സാഹചര്യത്തിൽ ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകൾ നിർത്തിവച്ചിരിക്കുകയാണ്. അതേസമയം തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ചർച്ചകൾ തുടരുമെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ പറയുന്നത്. ജോസഫ് വിഭാഗത്തിലെ നേതാക്കൾക്ക് യഥാർത്ഥ കേരള കോൺഗ്രസെന്ന് പേര് കിട്ടിയാൽ കൊള്ളാമെന്നുണ്ടെന്ന് പി.സി തോമസ് വ്യക്തമാക്കിയതായി കേരളകൗമുദി പറയുന്നു. 

ബ്രായ്ക്കറ്റില്ലാത്ത കേരള കോൺഗ്രസ് എന്ന പേര് അവരിൽ പലർക്കും താൽപര്യമുണ്ട്. അതേസമയം ഔദ്യോഗികമായ ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. കേരള കോൺഗ്രസുകളുടെ യോജിപ്പിനായി ഒരു കാലത്ത് ചർച്ച നടത്തിയ പി.ജെ ജോസഫും ജോണി നെല്ലൂരും ഫ്രാൻസിസ് ജോർജും എല്ലാം ഇപ്പോൾ ഒന്നിച്ച് നിൽക്കുന്നുവെന്നത് പ്രതീക്ഷയുള്ള കാര്യമാണെങ്കിലും തങ്ങളെ സംബന്ധിച്ച് മുന്നണി മാറ്റം പ്രധാന പ്രതിസന്ധിയാണെന്നും പിസി തോമസ് പറയുന്നു.