പ്രവാസി ഇന്ത്യക്കാരുടെ വോട്ട് തനിക്കെന്ന്‌ ട്രംപ്; തങ്ങളുടെ പിന്തുണയില്ലെന്ന് ബിജെപി

single-img
10 September 2020

ട്രംപും ബൈഡനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന യുഎസ് തിരഞ്ഞെടുപ്പിന് ഇനി എട്ടാഴ്ച കൂടി മാത്രം ശേഷിക്കെ, തങ്ങളുടെ പ്രവാസി പ്രവർത്തകർക്ക് കർശന നിർദേശവുമായി ബിജെപി. പ്രചാരണത്തിനിറങ്ങുന്ന അമേരിക്കയിലെ പാർട്ടി അംഗങ്ങൾ ബിജെപിക്കാർ എന്ന നിലയിൽ പങ്കെടുക്കരുത് എന്നാണ് നിർദ്ദേശം.

അതേസമയം, പ്രവാസി ഇന്ത്യക്കാരുടെ വോട്ട് തനിക്ക് ലഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു. ഹൈദരാബാദ് സന്ദർശിച്ചപ്പോൾ അങ്ങേയ്ക്കു ലഭിച്ച സ്വീകരണം അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വോട്ടായി മാറുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

പ്രസിസന്റ് ഡൊണാൾഡ് ട്രംപിനു വേണ്ടി മാത്രമല്ല, ജോ ബൈഡനു വേണ്ടിയും ബിജെപി എന്ന നിലയിൽ പ്രചാരണം പാടില്ല എന്നാണ് ബിജെപി വിദേശകാര്യ വിഭാഗ് തലവൻ വിജയ് ചൗത്തീവാല കത്തിലൂടെ നിർദേശം നൽകിയത്. വേണമെങ്കിൽ വ്യക്തിപരമായി പ്രചാരണത്തിനിറങ്ങാമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ആണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എതിരാളി. ഇതിൽ ആർക്കൊപ്പവും ബിജെപിയുടെ പേരിൽ പങ്കെടുക്കരുത്. ബിജെപിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പരിപാടി സംഘടിപ്പിക്കുകയുമരുത്. കാരണം, ബിജെപിക്ക് അമേരിക്കയിൽ റോളില്ല. യുഎസ് ചാപ്റ്ററിന് എഴുതിയ കത്തിൽ വിജയ് ചൗത്തീവാല വ്യക്തമാക്കി.

ഇന്ത്യയും അമേരിക്കയും തമ്മിൽ തന്ത്രപ്രധാന ബന്ധമാണുള്ളത്. അത് നഷ്ടപ്പെടരുത്.- തിരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും ബിജെപി അവരെ പിന്തുണയ്ക്കുമെന്ന സൂചനയും ചൗത്തീവാല നൽകി.