ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് കേരളം: ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തുനല്‍കി

single-img
10 September 2020

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താന്‍ സ്ഥിതിഗതികൾ അനുകൂലമല്ല, ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് കേരളം. ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് കത്തുനല്‍കി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍ നീട്ടണമെന്ന് എല്‍.ഡിഎഫിലും യുഡിഎഫിലും അഭിപ്രായം ഉയരുന്നുവെന്ന വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിരുന്നു.

നിയമസഭയിലേക്കുള്ള ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ നടത്തേണ്ട എന്ന അഭിപ്രായം ഇരു മുന്നണികളും പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഏതാനും ആഴ്ച നീട്ടിവെക്കുന്നതാവും ഉചിതമെന്ന അഭിപ്രായം ശക്തമായി ഉയരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കട്ടെ എന്ന അഭിപ്രായത്തിനായിരുന്നു ഇടത് മുന്നണിയില്‍ മുന്‍തൂക്കം.

തദ്ദേശ തിരഞ്ഞെടുപ്പുകളിലെപ്പോഴും എല്‍ഡിഎഫിന് മുന്‍തൂക്കം കിട്ടാറുണ്ട്. ഇത് കണക്കിലെടുത്താല്‍ മതിയെന്നായിരുന്നു നേതൃത്വത്തിന്‍റെ അഭിപ്രായം. എന്നാല്‍ കോവിഡ് രേഗവ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് ഏതാനും ആഴ്ചകള്‍നീട്ടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തീര്‍ത്തും തള്ളികളയാനും കഴിയില്ല.

ജനുവരിയില്‍പുതിയ ഭരണസമിതികള്‍ നിലവില്‍വരും വിധം തിരഞ്ഞെടുപ്പ് ക്രമീകരിക്കുന്നത് സര്‍വ്വകക്ഷിയോഗം ചര്‍ച്ചചെയ്യും. ഇതിന് നിയമസാധുത ഉണ്ടാകുമോ അതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയും സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും പരിഗണിക്കും. അതേസമയം കോവിഡ് എപ്പോള്‍ കുറയുമെന്നോ വീണ്ടും രോഗവ്യാപനം കൂടുമെന്നോ പറയാനാവില്ലെന്നും തിരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം നടത്തണമെന്നുമാണ് ബിജെപിയുടെ അഭിപ്രായം.