പി രാജുവിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കേസില്‍ വിഡി സതീശന്‍ എംഎല്‍എ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

single-img
9 September 2020

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ എം.എല്‍.എയുമായ പി.രാജുവിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ കേസില്‍ വി.ഡി.സതീശന്‍ എം.എല്‍.എ. വിചാരണ നേരിടണമെന്ന് ഹൈക്കോടതി.  ജസ്റ്റീസ് ടി.വി. അനില്‍ കുമാറാണ് വിധി പ്രസ്താവിച്ചത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ് സതീശന്‍ വിവാദ പരാമര്‍ശം നടത്തിയത്. പി.രാജുവിനെതിരേ സതീശന്‍ നല്‍കിയ പത്രപ്രസ്താവന പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെയും കേസുണ്ട്. പി.രാജുവിന്റെ പ്രസ്താവന നല്‍കിയ മാധ്യമങ്ങളും വ്യക്തിഹത്യയ്ക്ക് കൂട്ടുനിന്നതായി വാദിക്കു വേണ്ടി ഹാജരായ അഡ്വ. ടി.ആര്‍.എസ്.കുമാര്‍ ഹെെക്കോടതിയിൽ വാദിച്ചു

2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പി.രാജുവിനെ വ്യക്തിപരമായി അവഹേളിക്കുന്നതാണ് പ്രസ്താവന എന്നു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍, പറവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തി സതീശന് സമന്‍സ് അയച്ചിരുന്നു. രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സതീശനും മാധ്യമങ്ങൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്.