ബിജെപി ഐടി സെൽ മേധാവിയെ പുറത്താക്കണം; ബിജെപി തന്നെ സംരക്ഷിക്കുന്നില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടി വരുമെന്ന് സുബ്രഹ്മണ്യൻ സ്വാമി

single-img
9 September 2020

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. നാളെക്കുള്ളിൽ അമിത് മാളവ്യയെ ബിജെപി ഐടി സെല്ലിൽനിന്ന് പുറത്തക്കണമെന്നാണ് ആവശ്യം. പുറത്താക്കിയില്ലെങ്കിൽ പാർട്ടി തന്നെ പിന്തുണയ്ക്കാൻ താത്പര്യപെടുന്നില്ലെന്നാണു മനസിലാക്കേണ്ടതെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

അമിത് മാളവ്യ തനിക്കെതിരെ ട്വിറ്ററില്‍ വ്യാജ ട്വീറ്റുകള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നു എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. ബിജെപി തന്നെ സംരക്ഷിക്കുന്നില്ലെങ്കിൽ തനിക്കു മറ്റു വഴികൾ നോക്കേണ്ടി വരുമെന്നും സുബ്രഹ്മണ്യൻ സ്വാമി സമൂഹ മാധ്യമത്തിൽ കുറിച്ചു.


ബിജെപി ഐടി സെൽ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തമാണ്. തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതിന് ഐടി സെല്ലിൽ നിന്നുള്ളവർ വ്യാജ ഐഡികളിൽനിന്ന് ട്വീറ്റുകൾ പ്രചരിപ്പിക്കുകയാണ്. തെമ്മാടികളായ ഐടി സെല്ലിലെ ആളുകളുടെ പ്രവൃത്തിക്ക് ബിജെപി ഉത്തരവാദിയല്ലെന്നാണു പറയുന്നതെങ്കിൽ തന്റെ അണികൾ തിരിച്ചും ആക്രമണം നടത്തിയാൽ അതിന് താനും ഉത്തരവാദിയായിരിക്കില്ല.- സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി.