‘ചെന്നിത്തല കോൺഗ്രസ്സുകാരുടെ ബലാത്സംഗാവകാശത്തിനു വേണ്ടി നിലകൊള്ളുന്നയാൾ’; രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

single-img
9 September 2020

പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ സ്‌ത്രീവിരുദ്ധ കാഴ്ചപ്പാടോടെയുള്ള വിവാദ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. പദവിക്ക്‌ നിരക്കാത്ത, തീർത്തും സ്‌ത്രീവിരുദ്ധമായ പ്രസ്‌താവന പിൻവലിച്ച് ചെന്നിത്തല മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപക പ്രതിഷേധം. അതേ സമയം ചെന്നിത്തലയ്‌ക്കെതിരെ ക്രിമിനൽ കുറ്റത്തിന് കേസെടുക്കണമെന്ന്‌ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ക്രിമിനൽ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിച്ച ചെന്നിത്തലയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനും മഹിളാ അസോസിയേഷൻ ആഹ്വാനം ചെയ്തു.

സ്ത്രീത്വത്തെ ഇത്രയേറെ അപമാനിക്കുന്ന ഒരു പരസ്യ പ്രസ്താവന ഒരു രാഷ്ട്രീയ നേതാവിൽ നിന്നും, പോട്ടെ, സ്വബോധമുള്ള ഒരു മനുഷ്യനിൽ നിന്നും ഇവിടെ മുമ്പുണ്ടായിട്ടില്ല, കോൺഗ്രസ്സുകാരുടെ ബലാത്സംഗാവകാശത്തിനു വേണ്ടി നിലകൊള്ളുന്ന ഇദ്ദേഹം പ്രതിപക്ഷ നേതാവ് എന്ന ഔദ്യോഗിക പദവിയിലുള്ള ആളാണെന്നു കൂടി ഓർക്കണം എന്ന് സാഹിത്യകാരൻ അശോകൻ ചരുവിൽ എഫ് ബി പോസ്റ്റിൽ കുറിച്ചു.

സ്ത്രീയെപ്പറ്റിയും അവൾ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ചും കോൺഗ്രസ്സുകാരുടെ ഉള്ളിലിരിപ്പാണ് പുറത്തുവന്നത്. ഇത്തരം ഒരു പാർട്ടിയും നേതാവും കേരളത്തിൽ പ്രബലമാണെന്നിരിക്കെ ഇവിടെ രോഗിയും കുഞ്ഞും വൃദ്ധയും ഉൾപ്പടെയുള്ള സ്ത്രീകൾ അപമാനിക്കപ്പെടുന്നതിൽ എന്തിന് അത്ഭുതപ്പടണം എന്നും അശോകൻ ചരുവിൽ ചോദിക്കുന്നു.

മന്ത്രിമാർ മുതൽ യുഡിഎഫ് അനുഭാവികൾ വരെ ഇന്നലെ മുതൽ ചെന്നിത്തലയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ കോൺഗ്രസുകാരനെ ഇന്നലെയാണ് രമേശ് ചെന്നിത്തല ന്യായീകരിച്ചത്. കോൺഗ്രസുകാരനായ പ്രതിയെ തള്ളിപ്പറയുക പോലും ചെയ്യാതെ, വാർത്താ സമ്മേളനത്തിൽ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് പരുഷമായാണ് ചെന്നിത്തല പ്രതികരിച്ചത്.

‘യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി കോൺഗ്രസ് അനുകൂല സംഘടനയിലെ സജീവ പ്രവർത്തകനാണല്ലോ, ഈ കോൺഗ്രസ്സുകാരൊക്കെ ഇങ്ങനെ പീഡിപ്പിക്കാൻ നിന്നാൽ ഈ നാട്ടിലെ സ്ത്രീകൾക്കൊക്കെ ജീവിക്കാനാകുമോ?’ എന്നായിരുന്നു ചോദ്യം. ‘സ്ത്രീകളെ ഡിവൈഎഫ്‌ഐക്കാർക്കേ പീഡിപ്പിക്കാൻ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ?’എന്നായിരുന്നു ചെന്നിത്തലയുടെ സ്‌ത്രീവിരുദ്ധ കാഴ്ചപ്പാടോടെയുള്ള മറുപടി.