മുസ്ലിം ലീഗ് നേതാവ് എം സി കമറുദ്ദീൻ യുഎഇയിലും തട്ടിപ്പ് നടത്തിയായി റിപ്പോർട്ട്

single-img
9 September 2020

എം സി കമറുദ്ദീൻ എംഎൽഎ യുഎഇയിലും തട്ടിപ്പ് നടത്തിയായി റിപ്പോർട്ട്. കൈരളി ന്യൂസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. നിക്ഷേപത്തട്ടിപ്പ് നടന്ന ഫാഷൻ ഗോൾഡ് എന്ന സ്ഥാപനം 2017ൽ അജ്മാനിൽ ബ്രാഞ്ച് തുടങ്ങിയിരുന്നു. കേരളത്തിലെ സ്ഥാപനം പൂർണമായും തകർന്ന ഘട്ടത്തിലായിരുന്നു അജ്മാനിലെ ബ്രാഞ്ച് തുറന്നത്. നിരവധി കെഎംസിസി പ്രവർത്തകർ ലക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്തു. ഒടുവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്നും കൈരളി ന്യൂസ് റിപ്പോർട്ട് പറയുന്നു.

കാസർകോട്ടെ ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ മുസ്ലിം ലീഗ് നേതാവായ കമറുദ്ദീനെതിരെ കഴിഞ്ഞ ദിവസം ഒരു വഞ്ചന കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. ലീഗിന്റെ പ്രാദേശിക നേതാവ് ഉള്‍പ്പെടെ ഉദുമ സ്വദേശികളായ അഞ്ച് പേർ നിക്ഷേപമായി നൽകിയ 73 ലക്ഷം തട്ടിയെന്ന പരാതിയില്‍ കാസർകോട് ടൗൺ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതോടുകൂടി എംഎൽഎക്കെതിരെ ആകെ 13 വഞ്ചന കേസുകളായി. ഇതിനെല്ലാം പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകര്‍ നല്‍കിയ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തങ്ങള്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകർക്ക് ഇവര്‍ വണ്ടി ചെക്കുകൾ നൽകിയെന്നാണ് കേസ്. അതേസമയം വഞ്ചനാ കേസുകളിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. 2019 ഒക്ടോബറോടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ വിവിധ ശാഖകൾ പൂട്ടിയതിനെ തുടർന്നാണ് കാസര്‍കോട് ജില്ലയിലെ കള്ളാർ സ്വദേശികളായ സുബീറും അഷ്റഫും നിക്ഷപമായി നൽകിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്.