ശിവസേന രണ്ടും കൽപ്പിച്ചുതന്നെ: കങ്കണയുടെ ബംഗ്ലാവ് പൊളിച്ചു

single-img
9 September 2020

ശിവസേന നേതാക്കളും കങ്കണയും തമ്മിലുള്ള വാക് പോര് മൂര്‍ച്ഛിക്കുന്നതിന് ഇടയിൽ നടി കങ്കണ റണാവത്തിന്റെ ബംഗ്ലാവിനോടു ചേര്‍ന്ന ഓഫിസ് മുറി ബൃഹന്‍ മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കി. ബുള്‍ഡോസറുകളും എസ്‌കവേറ്ററുകളുമായി എത്തിയാണ് ഉദ്യോഗസ്ഥര്‍ കെട്ടിടം പൊളിച്ചത്. 

അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ നോട്ടീസിന് കങ്കണ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇന്നു രാവിലെ കങ്കണയുടെ ബംഗ്ലാവില്‍ കോര്‍പ്പറേഷന്‍ രണ്ടാമത്തെ നോട്ടീസ് പതിച്ചു. ബാന്ദ്രയിലെ ബംഗ്ലാവില്‍ അനധികൃത നിര്‍മാണം നടത്തിയെന്നു കാണിച്ച് ഇന്നലെയാണ് കോര്‍പ്പറേഷന്‍ കങ്കണയ്ക്കു നോട്ടീസ് നല്‍കിയത്. ശിവസേനാ നേതാക്കളുമായി കങ്കണയുടെ വാക് പോര് തുടരുന്നതിനിടെ കോര്‍പ്പറേഷന്‍ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കങ്കണയുടെ അഭിഭാഷകന്‍ നല്‍കിയ മറുപടിയിലും ഈ ആരോപണം ഉണ്ടായിരുന്നു. 

നോട്ടീസ് ലഭിച്ചിട്ടും ബംഗ്ലാവില്‍ അനധികൃത നിര്‍മാണം തുടര്‍ന്നതായി കോര്‍പ്പറേഷന്‍ ആരോപിച്ചു. ബാന്ദ്രയിലെ ബംഗ്ലാവിന് റെസിഡന്‍ഷ്യല്‍ അനുമതിയാണ് ഉള്ളതെന്നും ഇവിടെ ഓഫിസ് മുറി പണിതത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്. കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ നിര്‍മാണം നടത്തിയെന്നും ആക്ഷേപമുണ്ട്.