കൊവിഡ് വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം; ഓക്സ്ഫോഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു

single-img
9 September 2020

ഓക്സ്ഫോഡ് കൊവിഡ് വാക്സിൻ പരീക്ഷണം നിറുത്തിവച്ചു. വാക്സിൻ്റെ പാർശ്വഫലമെന്ന് സംശയത്തെ തുട‌ർന്നാണ് പരീക്ഷണം നിറുത്തിവച്ചത്. ബ്രിട്ടണിൽ പരീക്ഷിച്ചവരിൽ ഒരാൾക്ക് പ്രതികൂല ഫലം കണ്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇയാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിറുത്തുന്നതെന്ന് കമ്പനി അറിയിച്ചു. 

ഓക്‌സ്ഫോഡ് സര്‍വകലാശാലയും അസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ്പ്രതിരോധ വാക്‌സീന്‍ അവസാന ഘട്ട പരീക്ഷണത്തിലായിരുന്നു. ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടും പരീക്ഷണം നടത്തിയിരുന്നു. എന്നാൽ പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്രസെനക അറിയിച്ചു. 

പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചു. പരീക്ഷണത്തിൽ പങ്കെടുക്കുന്ന സന്നദ്ധപ്രവർത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി വ്യക്തമാക്കി. 

2021 ജനുവരിയോടെ വാക്സിൻ വിപണിയിൽ എത്തുമെന്നാണ് കരുതിയിരുന്നത്. ഈ സാഹചര്യത്തിലാണ് പരീക്ഷണത്തിൽ തിരിച്ചടി നേരിട്ടിരിക്കുന്നത്. അതേസമയം വാക്സിൻ ആദ്യ രണ്ട് ഘട്ടങ്ങളിൽ വിജയമായിരുന്നു.